തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയ പിണറായി വിജയന്‍ നയിക്കുന്ന കേരള യാത്രയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് ദുബായിലെ വ്യവസായ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പിആര്‍ കമ്പനിയാണെന്നാണ് റിപ്പോര്‍ട്ട്. കാണാന്‍ സൗന്ദര്യമുള്ള നേതാക്കളെ മാത്രം യാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് ഇപ്പോള്‍ പി.ആര്‍ കമ്പനി നല്‍കിയിരിക്കുന്നത്. പര്‍ദയിട്ട സ്ത്രീകളെ യാത്രയുടെ സ്വീകരണ വേദിയില്‍ എത്തിച്ചാല്‍ മാര്‍ക്കറ്റ് കൂട്ടാനാവുമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ യാത്രയില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താനാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിണറായി വിജയന്റെ വഴി സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കേരള യാത്ര സംഘടിപ്പിക്കുന്നത്. ദുബായിലെ രണ്ടു മലയാളി വ്യവസായിമാരുടെ നേതൃത്വത്തിലുള്ള പബ്ലിക്ക് റിലേഷന്‍ കമ്പനിക്കാണ് യാത്രയുടെ പൂര്‍ണ നിയന്ത്രണം. ഇവരുടെ നിര്‍ദേശാനുസരണമാണ് യാത്രയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഏകോപിപ്പിക്കുന്നതും. ഇതിന്റെ ഭാഗമായാണ് സിപിഎമ്മിലെ പുതിയ യുവ തുര്‍ക്കികളെയും സുന്ദരികളായ വനിതാ നേതാക്കളെയും ജാഥയില്‍ ഉള്‍പ്പെടുത്തുന്നത്.
സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കാരെന്നു മുദ്രകുത്തപ്പെട്ട നേതാക്കളെ പൂര്‍ണമായും ജാഥയില്‍ നിന്നു മാറ്റി നിര്‍ത്താനാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കു ജനവിരുദ്ധ മുഖമാണ് പാര്‍ട്ടിയിലും പുറത്തും ലഭിച്ചിരിക്കുന്നതെന്നതാണ് ഇത്തരത്തില്‍ ഇവരെ മാറ്റി നിര്‍ത്തുന്നതിന്റെ പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്. തോമസ് ഐസക്ക് അടക്കമുള്ള മധ്യകേരളത്തില്‍ നിന്നുള്ള നേതാക്കളെ കൂടുതലായി പാര്‍ട്ടിയുടെ ജാഥയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മുമായി അടുപ്പമുള്ള സിനിമാ താരങ്ങളെ കൂടുതലായി പാര്‍ട്ടിയുടെ ജാഥയില്‍ അണിനിരത്തുന്നതിനും തീരുമാനമുണ്ട്.