എന്താണ് യുഎഇ കാര്‍ ഫ്രീ ഡേ? പ്രവാസികള്‍ ഇതിനായി ചെയ്യേണ്ടത് എന്തെല്ലാം? വിശദവിവരങ്ങള്‍

ദുബായ് : യുഎഇയിലെ മൂന്ന് എമിറേറ്റുകളില്‍ ഫെബ്രുവരി 4 കാര്‍ ഫ്രീ ഡേ ആയി ആചരിക്കും. ദുബായ്, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് കാര്‍ ഫ്രീ ഡേ ദിനാചരണം. യുഎഇയിലെ ഗതാഗതക്കുരുക്ക് അസഹനീയമാണ്. നാള്‍ക്കുനാള്‍ ഇത് ഏറിവരികയുമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളെ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് കാര്‍ ഫ്രീ ഡേയുടെ ലക്ഷ്യം.അതായത് അന്നേ ദിവസം കാറുകള്‍ നിരത്തിലിറക്കാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സ്വദേശികളും വിദേശികളും ഒരേ മനസ്സോടെ പദ്ധതിയില്‍ പങ്കാളികളാകണമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ ലൂട്ട അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ പൊതു ഗതാഗത സംവിധാനത്തിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കാനാകുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും യുഎഇ ഭരണകര്‍ത്താക്കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കാര്‍ ഫ്രീ ഡേയില്‍ 174 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയാനായതായാണ് പഠനഫലം. ദുബായ് മുന്‍സിപ്പാലിറ്റി നേതൃത്വം നല്‍കുന്ന പരിപാടിക്ക് അല്‍ഐഎന്‍,അജ്മാന്‍ റാസല്‍ഖൈമ നഗരസഭകളും അണിചേരും. 2010 മുതലാണ് കാര്‍ ഫ്രീ ഡേ ദിനം ആചരിച്ച് പോരുന്നത്. ഓരോ വര്‍ഷവും ദിനാചരണത്തില്‍ ജനപങ്കാളിത്തം വര്‍ധിക്കുകയാണ് .

Top