വെറും എട്ട് ദര്‍ഹം കുടിശിക വരുത്തിയെന്ന പേരില്‍ ഗാരന്റി ചെക്ക് ദുരുപയോഗം ചെയ്ത് മലയാളി യുവാവിനെ കുടുക്കിയ കേസില്‍ ധനകാര്യ സ്ഥാപനത്തിനോട് 50000 ദര്‍ഹം നഷ്ടപരിഹാരം നല്‍കാനാവശ്യപ്പെട്ട് കോടതി വിധി. കോഴിക്കോട് സ്വദേശി അജിത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.
2008 മുതല്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അജിത്ത് സാംബാ ഫിനാന്‍സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 13800 ദര്‍ഹം കടം എടുത്തിരുന്നു. 2015ല്‍ ജോലിമാറ്റം ലഭിച്ച് സൗദി അറേബ്യയിലേക്ക് പോകും മുന്‍പ് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ 2017 ജൂണില്‍ കേരളത്തിലേക്ക് പോകാന്‍ സൗദിയില്‍ നിന്ന് അബുദാബി രാജ്യാന്തര വിമാനത്താവളതത്തി ലെത്തിയപ്പോള്‍ ചെക്ക് കേസില്‍ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്കു പോകുന്നതെന്ന് പറഞ്ഞ അജിത്തിനോട് 13800 ദര്‍ഹം കെട്ടിവച്ചാല്‍ പോകാമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് സുഹൃത്തില്‍ നിന്ന് തുക സംഘടിപ്പിച്ചു നല്‍കി നാട്ടിലേക്ക് പോയി.
എന്നാല്‍ മടക്കയാത്രയില്‍ ദുബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. അവിടന്ന് അല്‍ ബര്‍ഷ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച അജിത്ത് പിന്നീട് പാസ്‌പോര്‍ട്ട് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോളാണ് വെറും എട്ട് ദര്‍ഹം തിരിച്ചടയ്ക്കാനുണ്ടായിരുന്നതിന്റെ പേരിലാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നതെന്ന് മനസ്സിലായത്. പിന്നീട് ഈ തുക അടച്ച് റിലീസ് വാങ്ങി പൊലീസില്‍ ഹാജരായി കേസ് അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന നഷ്ടപരിഹാരം തേടി അജിത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സംഭവങ്ങളുടെ ഓരോ ഘട്ടവും പരിഗണിച്ച കോടതി 50000 ദര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. അബുദാബിയില്‍ കെട്ടിവച്ച തുകയും ദുബൈ പൊലീസ് മുഖേന തിരികെ കിട്ടി.