വിമാന സ്പീഡില്‍ റോഡില്‍ വണ്ടി ഓടിച്ച് കാളിച്ചാല്‍ ഇനി കുടുങ്ങും. ദുബൈ ട്രാഫിക് വിഭാഗം നിയമം കര്‍ശനമാക്കിയതോടെയാണിത്. 6000 ദിര്‍ഹമില്‍ അധികം ട്രാഫിക് ഫൈന്‍ വന്നാല്‍ ആ വാഹനം പിന്നെ പുറംലോകം കാണില്ല. നിയമലംഘനം പതിവാക്കിയ അത്തരം വാഹനങ്ങള്‍ പിടികൂടാനൊരുങ്ങുകയാണ് ദുബൈ പോലിസ്.
അനുവദിച്ച വേഗപരിധിയെക്കാള്‍ സ്പീഡില്‍ പോകുന്ന വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹമാണ് ഇവിടത്തെ പിഴ. അങ്ങനെ രണ്ട് തവണ നിയമലംഘനം നടത്തുന്ന വാഹനവും ഡ്രൈവറും വാണ്ടഡ് ലിസ്റ്റില്‍ പെടും. എല്ലാം ഓണ്‍ലൈനായ് സ്വയം അപ്‌ഡേറ്റാവുന്നതിനാല്‍ കുറ്റവാളി പട്ടികയില്‍ സ്വമേധയാ കടന്നുകൂടിക്കൊള്ളുമെന്ന് ദുബയ് പോലിസിന്റെ ട്രാഫിക് വിഭാഗം ഡയരക്ടര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. കംപ്യൂട്ടറില്‍ വിവരം അപ്‌ഡോറ്റാവുന്നതോടെ വാഹനം പിടികൂടാനുള്ള നീക്കവും തുടങ്ങും.
വാണ്ടഡ് പട്ടികയില്‍ പെടുന്ന വാഹനങ്ങള്‍ക്കും അതിന്റെ ഉടമയ്ക്കും രക്ഷപ്പെടുക എളുപ്പമാവില്ലെന്നും പോലിസ് പറയുന്നു. ഒരു ലക്ഷത്തോളം ദിര്‍ഹം ഫൈന്‍ വരുത്തിയ വാഹനത്തിന്റെ ഡ്രൈവറെ കഴിഞ്ഞദിവസം പിടികൂടിയത് ഒമാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു.
സ്വര്‍ണ നിറത്തിലുള്ള കാറായിരുന്നു വില്ലന്‍. എന്നാല്‍ അറസ്റ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും പോലിസ് പറയുന്നു. വാഹനത്തിന്റെ നിറമാണ് അറസ്റ്റിന് കാരണമെന്നും കാറിന്റെ ചിലഭാഗങ്ങള്‍ സ്വര്‍ണത്തിലുള്ളതായിരുന്നുവെന്നും മറ്റുമുള്ളത് ഊഹങ്ങള്‍ മാത്രമാണ്. ട്രാഫിക് നിയമലംഘനമായിരുന്നു വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരായ കുറ്റം. വാഹനത്തിന് ശരിയായ ലൈസന്‍സ് ഉണ്ടോ, പിഴ 6000 ദിര്‍ഹമില്‍ അധികമാണോ എന്ന കാര്യങ്ങള്‍ മാത്രമേ ട്രാഫിക് പോലിസ് ശ്രദ്ധിക്കാറുള്ളൂവെന്നും അല്‍ മസ്‌റൂയി പറഞ്ഞു.
അമിത വേഗത, വാഹനങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് അകലം പാലിക്കാതിരിക്കല്‍, ട്രക്കുകള്‍ അമിതഭാരം കയറ്റല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ദുബയിലെ വാഹനാപകടങ്ങളിലെ പ്രധാന വില്ലനെന്നും അദ്ദേഹം വ്യക്തമാക്കി.