പാകിസ്താനില്‍ വെച്ച് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി; പൊലീസിനെ കബളിപ്പിക്കാന്‍ രൂപമാറ്റം നടത്തി; രാജ്യം വിട്ട പ്രതിയെ ഞെട്ടിച്ച് ദുബൈ പൊലീസ്

ദുബൈ: പാകിസ്താനില്‍ വെച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുകയും ശേഷം രാജ്യം വിട്ട് ദുബൈയിലേക്ക് കടക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാക് പൗരനായ മുജാഹിദ് അഫ്രീദി(25) ആണ് മൂ്ന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ അസ്മ റാണിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ദുബൈയിലേക്ക് മുടങ്ങിയത്. പാക് പൗരനായ ഇയാളെ തന്ത്രപരമായാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത് പാകിസ്താന് കൈമാറിയത്. പാകിസ്താനിലെ കൊഹാട്ടില്‍ ഈ വര്‍ഷം ജനുവരിയിലാണ് കൊലപാതകം നടന്നത്. ഇതിന് ശേഷം രാജ്യം വിട്ട ഇയാളെ തേടി ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇയാള്‍ ദുബൈയില്‍ എത്തിയതെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ അറിയിച്ചു. പൊലീസ് തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ രൂപത്തില്‍ മാറ്റം വരുത്തിയിരുന്നു. താടിയും മുടിയും വടിച്ചുകളഞ്ഞ ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒരിക്കലും പൊലീസ് പിടി വീഴില്ലെന്നു കരുതി ജീവിച്ചിരുന്ന അഫ്രീദി, പൊലീസ് പിടിയിലായപ്പോള്‍ ഞെട്ടിപ്പോയെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കി. തൊട്ടടുത്ത ഗള്‍ഫ് രാജ്യത്തുനിന്നും അഫ്രീദി ദുബൈയിലെത്തിയത് മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നുവെന്ന് ദുബൈ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫേഴ്‌സ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി വ്യക്തമാക്കി. ഇന്റര്‍പോളുമായി നല്ല സഹകരണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ പാക്ക് അധികൃതരില്‍ നിന്നും ഒരു അപേക്ഷ ലഭിച്ചു. മുജാഹിദ് അഫ്രീദി എന്നു പേരുള്ള ഒരു ക്രിമിനലിനെ പിടികൂടാന്‍ സഹായിക്കണമെന്നായിരുന്നു ഇത്. ഇയാള്‍ ദുബൈയില്‍ എത്തിയിട്ടുണ്ടെന്ന് മനസിലാക്കി. പിന്നീട് പ്രതി കഴിയുന്ന സ്ഥലം മനസിലാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാകിസ്താന്‍ ഇന്റര്‍പോളിനോട് വിവരങ്ങള്‍ അറിയിക്കുകയും അതേതുടര്‍ന്ന് ദുബൈ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്നും അസിസ്റ്റന്റ് കമാന്‍ഡര്‍ വ്യക്തമാക്കി. അറസ്റ്റിലായ അഫ്രീദി മറ്റൊരു കൊലപാതകക്കേസിലെയും പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top