ദുബൈയില്‍ റസ്റ്ററന്റ് ഉടമകളില്‍ കൂടുതലും ഇന്ത്യന്‍ വനിതകള്‍; സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്

ദുബൈ: ദുബൈയിലെ 21.4% റസ്റ്ററന്റുകളുടെ ഉടമകളില്‍ കൂടുതലും ഇന്ത്യന്‍ വനിതകളാണെന്ന് സാമ്പത്തിക മന്ത്രാലയം. പൊതുവെ കൂടുതല്‍ വനിതകള്‍ സജീവമാകുന്ന രംഗത്ത് ഇന്ത്യന്‍ വനിതകളാണ് കൂടുതലും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് ദുബൈയിലെ റസ്റ്ററന്റുകളുടെ എണ്ണത്തില്‍ 20% വര്‍ധനയുണ്ടായി. ഈ രംഗത്തു പാകിസ്താന്‍, ഈജിപ്ഷ്യന്‍ വനിതകളും സജീവമാണ്. രാജ്യത്തെ റസ്റ്ററന്റുകളുടെയും കോഫി ഷോപ്പുകളുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി. 6802 ആയാണ് വര്‍ധിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വും ജനവാസം കൂടിയതുമാണ് ലഘുഭോജനശാലകള്‍ കൂടാന്‍ കാരണമായത്. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സാധാരണ കോഫി ഷോപ്പുകളും രാജ്യാന്തര ബ്രാന്‍ഡുകളുടെ ശാഖകളും ഇടംപിടിച്ചു. കുടുംബത്തോടൊപ്പം റസ്റ്ററന്റുകളില്‍ എത്തുന്നവരുടെ എണ്ണത്തിലും വ്യത്യാസമുണ്ടായി. ബുര്‍ജ് ഖലീഫ മേഖലയില്‍ മാത്രം 433 കോഫി ഷോപ്പുകളുണ്ട്. ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ താമസിക്കുന്ന കരാമയാണു റസ്റ്ററന്റുകളുടെ എണ്ണത്തില്‍ രണ്ടാമത്. 274 സ്ഥാപനങ്ങള്‍ കരാമയിലുണ്ട്. ഇയാല്‍ നാസര്‍, ബര്‍ഷ ഒന്ന്, ജുമൈറ, മുറഖബാദ് എന്നിവയാണു റസ്റ്ററന്റുകള്‍ കൂടുതലുള്ള മറ്റു മേഖലകള്‍. ഇന്ത്യക്കാര്‍ മുന്നില്‍ ദുബൈയിലെ റസ്റ്ററന്റുകളില്‍ കൂടുതലും ഇന്ത്യക്കാരുടേതാണെന്നു റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക മന്ത്രാലയത്തില്‍നിന്നു നേടിയ ലൈസന്‍സ് പ്രകാരമാണു പട്ടിക തയാറാക്കിയത്. പാകിസ്താന്‍, ഈജിപ്ത് എന്നിവയാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ബ്രിട്ടന്‍, ലബനന്‍, കുവൈത്ത്, ജോര്‍ദാന്‍, അമേരിക്ക, സൗദി അറേബ്യ, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ളവരും റസ്റ്ററന്റ് നടത്തുന്നുണ്ട്.

Top