ദുബൈ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വിസ നടപടികള്‍ക്കുള്ള ബാങ്ക് ഗ്യാരണ്ടി തുക കെട്ടിവെക്കുന്ന സംവിധാനം എടുത്തുകളഞ്ഞ് യുഎഇ ക്യാബിനറ്റ്. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
യുഎഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3000 ദിര്‍ഹം നിര്‍ബന്ധ ബാങ്ക് ഗ്യാരണ്ടി സംവിധാനമാണ് നിര്‍ത്തലാക്കിയത്. അതിന് പകരം മറ്റൊരു സംവിധാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പ്രതിവര്‍ഷം തൊഴിലാളികള്‍ക്ക് 60 ദിര്‍ഹം നിരക്കില്‍ സുരക്ഷാ ഇന്‍ഷുറന്‍സ് പരിരക്ഷാ എടുക്കുക എന്ന സംവിധാനമാണ് യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. ബാങ്ക് ഗ്യാരണ്ടിയുടെ സ്ഥാനത്ത് പുതിയതായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഗ്യാരണ്ടിയായി ഉപയോഗിക്കും.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴിലാളികള്‍ക്ക് മേലുള്ള ബാധ്യതകള്‍ കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ സ്‌കീം രൂപവല്‍ക്കരിച്ചിരിക്കുന്നത്. നിലവില്‍ യുഎഇയിലെ തൊഴില്‍ ഉടമകള്‍ ബാങ്ക് ഗ്യാരണ്ടിയായി 1400 കോടി ദിര്‍ഹമാണ് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ തുക പുതിയ ഉത്തരവനുസരിച്ച് തൊഴില്‍ ധാതാക്കളിലേക്ക് തിരികെ എത്തുന്നതോടെ വ്യാപാര മേഖല കൂടുതല്‍ ശാക്തീകരിക്കാന്‍ കഴിയുമെന്ന് മന്ത്രിസഭ വിലയിരുത്തി. സ്വകാര്യ മേഖലയിലെ തൊഴില്‍ ഉടമയ്ക്ക് കൂടുതല്‍ ബാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ മന്ത്രിസഭാ തീരുമാനം. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ച് പ്രതിവര്‍ഷം 20,000 ദിര്‍ഹത്തിന്റെ കവറേജ് ലഭിക്കും.
യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് 8 കാര്യങ്ങളാണ് ക്യാബിനറ്റ് തീരുമാനിച്ചത്.
1. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വിസ നടപടികള്‍ക്കുള്ള ബാങ്ക് ഗ്യാരണ്ടി തുക കെട്ടിവെക്കുന്ന സംവിധാനത്തിന് പകരം മറ്റൊരു സമ്പ്രദായം.
2. നിലവില്‍ യുഎഇയിലെ തൊഴില്‍ ഉടമകള്‍ ബാങ്ക് ഗ്യാരണ്ടിയായി വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള 1400 കോടി ദിര്‍ഹം തൊഴില്‍ ധാതാക്കളിലേക്ക് തിരികെ എത്തുന്നത്.
3. പ്രതിവര്‍ഷം തൊഴിലാളികള്‍ക്ക് 60 ദിര്‍ഹം നിരക്കില്‍ സുരക്ഷാ ഇന്‍ഷുറന്‍സ് പരിരക്ഷാ എടുക്കുന്ന പുതിയ സമ്പ്രദായം.
4. യുഎഇയില്‍ തൊഴില്‍ തേടിയെത്തി കാലാവധി കഴിഞ്ഞും വീണ്ടും തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറ് മാസത്തേക്ക് ഫീസില്ലാതെ താല്‍ക്കാലിക വിസ
5. ആദ്യ 48 മണിക്കൂറിനുള്ളില്‍ എല്ലാ എന്‍ട്രി ഫീസ് വഴിയും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇളവ്.
6. കഴിവും മികവുമുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ വിസ
7. രാജ്യത്ത് നിന്ന് പോയി തിരിച്ചു വന്ന് വിസ നല്‍കുന്നതില്‍ ക്രമീകരണത്തിന് അനുവദിക്കും.
8. വിസ കാലാവധി കഴിഞ്ഞ് തങ്ങിയവര്‍ക്കും അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്കും സ്വമേധയാ മുന്നോട്ട് വന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങും.