
വടക്കാശ്ശേരി പീഡനക്കേസ്സില്‍ ഇടപെട്ടതോട് കൂടി സിപിഎമ്മുമായി കലഹിക്കുകയാണ് പ്രമുഖ ടബ്ബിംങ് ആര്‍ട്ടിസ്റ്റും സിനിമ ടിവി താരവുമായ ഭാഗ്യലക്ഷമി. ഇരയായ പെണ്‍കുട്ടിയ്ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് താരം പറയുന്നു. തന്നെ നേരില്‍ക്കണ്ട് ബലാല്‍സംഗത്തിന് ഇരയായെന്ന് അറിയിച്ച പെണ്‍കുട്ടിയുടെ പരാതി പുറംലോകത്തെത്തിച്ചത് ഭാഗ്യലക്ഷ്മിയായിരുന്നു. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുള്ള നിരാശ പങ്കുവയ്ക്കുന്നത്. കൂടാതെ ദേശാഭിമാനി തന്നെക്കുറിച്ച് മോശം പ്രചരിപ്പിച്ചെന്നും പലരുടേയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് കൈരളി ചാനലില്‍ താന്‍ അവതരിപ്പിച്ചുന്ന പരിപാടി നിര്‍ത്തിയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
”വടക്കാഞ്ചേരി പീഢനക്കേസിലെ ഇരയായ പെണ്‍കുട്ടിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ഒരു പാടു തവണ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായിരുന്നു. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ എന്താണെന്ന് അറിയാത്തത് കൊണ്ടായിരിക്കാം ഞാന്‍ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടത്. ഇത്തരത്തില്‍ ഒരു അനീതി ഉണ്ടാകുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു എന്റെ ധാരണ. സിപിഐഎം അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചയാളാണ് ഞാന്‍. ഈ സര്‍ക്കാര്‍ കൂടുതല്‍ മുന്‍കൈയെടുക്കുന്ന വിഷയം സ്ത്രീ സുരക്ഷിതത്വം എന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇക്കാര്യത്തില്‍ 100 ശതമാനം നിരാശയുണ്ട്. എന്നെ കാണണമെന്നില്ല പക്ഷേ മുഖ്യമന്ത്രിക്ക് പെണ്‍കുട്ടിയെ കാണാനുള്ള കടമയില്ലേ?. സംഭവം സത്യമോ നുണയോ എന്ന് കോടതി തെളിയിക്കട്ടെ. ഇതൊരു കെട്ടുകഥ ആണെങ്കില്‍ ഈ പെണ്‍കുട്ടിക്ക് എതിരെ നടപടിയെടുക്കണം എന്നുമാണ് എന്റെ പക്ഷം. ഇങ്ങനെ പരാതി മുന്നില്‍ വരുമ്പോള്‍ കേള്‍ക്കാനുള്ള സന്മനസ്സ് മുഖ്യമന്ത്രി എന്തുകൊണ്ട് കാണിക്കുന്നില്ല?. വടക്കാഞ്ചേരി പീഢന ആരോപണത്തില്‍ ഇടപെട്ടതിന് സിപിഐഎമ്മിലെ ഉന്നതരായ പലരും സ്വകാര്യമായി വിളിച്ച് അഭിനന്ദിച്ചെന്നും ഭാഗ്യലക്ഷ്മി. വടക്കാഞ്ചേരിയില്‍ പീഢനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി.
കൈരളി ചാനലില്‍ അവതാരകയായ സെല്‍ഫി എന്ന പരിപാടി നിര്‍ത്താനിടയായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി വിശദീകരിക്കുന്നു. ”പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെടുത്തിയ നിങ്ങള്‍ പാര്‍ട്ടിയുടെ ശമ്പളത്തില്‍ അല്ലേ ചോറുണ്ണത് എന്ന് പലരും ഫേസ്ബുക്കിലൂടെ ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ കൈരളിയിലെ പ്രോഗ്രാം നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദമുണ്ടെന്ന് പലരും പറഞ്ഞു. എന്നാല്‍ അതില്‍ തീരുമാനമെടുത്തില്ലെന്നും അറിഞ്ഞു. പാര്‍ട്ടി അങ്ങനെ തീരുമാനിച്ചാലുള്ള നാണക്കേട് ഒഴിവാക്കാനാണ് നിര്‍ത്താമെന്ന് ഞാന്‍ തന്നെ തീരുമാനിച്ചത്. തൃശൂരിലെ ഒരു പരിപാടിക്കിടെ ഹോട്ടലില്‍ വിശ്രമിക്കുന്നതിനിടെ അനില്‍ അക്കര തന്നെ സന്ദര്‍ശിച്ചത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാഗ്യലക്ഷ്മിയും അനില്‍ അക്കരയും മുറിയടച്ചിരുന്ന് ഗൂഢാലോചന എന്ന് നാല് കോളം വാര്‍ത്ത നല്‍കിയെന്നും ഭാഗ്യലക്ഷ്മി. എന്തൊരു വൃത്തികെട്ട സംസ്‌കാരമാണിത്, പാര്‍ട്ടിയുടെ പത്രം എന്ന നിലയില്‍ വലിയൊരു സ്ഥാനം ദേശാഭിമാനിക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതില്‍ വേദന തോന്നി. എന്റെ വീട്ടിലും വരുത്തുന്ന പത്രമാണ്. ഇനിയെന്തിനാണ് ഞാന്‍ ഈ പത്രം വായിക്കുന്നത്?”