ഇനി കുട്ടനാടന്‍ താറാവും ബ്രാന്‍ഡഡ്

ആലപ്പുഴ: രുചിയില്‍ പെരുമയേറിയ കുട്ടനാടന്‍ താറാവുകള്‍ ഇനി കുട്ടനാടന്‍ ബ്രാന്റഡ് മൂല്യാധിഷ്ഠിത ഉത്പ്പന്നങ്ങളായി വിപണിയില്‍ എത്തുന്നു. നേരത്തെ പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവു വിപണിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാണ് പദ്ധതി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ യൂണിറ്റുകളിലൂടെയാണ് വിപണി തയാറാക്കുന്നത്. താറാവ് ഉത്പന്ന വിപണന രംഗത്ത് സര്‍ക്കാര്‍ സഹായത്തോടെയുള്ള ആദ്യ സംരംഭമാണിത്. ആദ്യഘട്ടമെന്ന നിലയില്‍ നാലു യൂണിറ്റുകളാണു പ്രവര്‍ത്തിക്കുക. പളളിപ്പാട്, ചെന്നിത്തല, കൈനകരി, മുഹമ്മ എന്നിവിടങ്ങളിലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഭക്ഷ്യയോഗ്യമായ മുട്ട, കൊത്തുമുട്ട, ജീവനുള്ള താറാവ്, സംസ്‌കരിച്ച മാംസം, പല പ്രായത്തിലുള്ള താറാവിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണു വിപണനം നടത്തുന്നത്. നാലു യൂണിറ്റുകളിലും കുട്ടനാടന്‍ എന്ന പേരിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുക. ഏറ്റവും പ്രചാരമുള്ള ചാര, ചെമ്പല്ലി എന്നീ മുന്തിയ ഇനങ്ങളില്‍പെട്ടതായിരിക്കും വിപണിയിലെത്തുക. വിജയകരമെന്നു കണ്ടാല്‍ മറ്റിടങ്ങളിലും യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു ലക്ഷ്യമിട്ടിട്ടുണ്ട്. താറാവു വളര്‍ത്തലില്‍ പ്രവര്‍ത്തന പരിചയമുള്ള സ്വയം സഹായ സംരംഭകര്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കും പദ്ധതി നടപ്പാക്കുക. ചെറുകിട കര്‍ഷക ഗ്രൂപ്പുകള്‍ കുടുംബ ശ്രീയുമായി സഹകരിച്ചാകും യൂണിറ്റ്. ഓരോ യൂണിറ്റിനും സബ്‌സിഡിയായി മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ഏഴു ലക്ഷം രൂപ നല്‍കും. കടമുറി, ഫ്രീസര്‍, റഫ്രിജറേറ്റര്‍, വാഹനം എന്നിവ തയാറാക്കുന്നതിനാണിത്. നിലവില്‍ കുട്ടനാട്ടില്‍ സ്വയം സംരംഭമെന്ന നിലയില്‍ നൂറുകണക്കിനു സ്ത്രീകള്‍ താറാവു മാംസ വിപണനം നടത്തുന്നുണ്ട്. കൂടാതെ ആയിരത്തിലേറെ താറാവു കര്‍ഷകരും ഉണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ പാടങ്ങളില്‍ ഒരിടവേളയ്ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുകയാണ്. താറാവ് വിപണന പദ്ധതിയുടെ ഉദ്ഘാടനം 27ന് രാവിലെ ഒന്‍പതിനു പള്ളിപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ കുടുംബ ആസ്ഥാനത്ത് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.

Top