തൊടുപുഴ: കരിങ്കുന്നം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടുകയും സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്ന് സേനാംഗങ്ങളെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട ചിറ്റാര്‍ കുമരംകുന്ന് മണക്കയം പുത്തന്‍പറമ്പില്‍ വീട്ടില്‍ ഷാജി തോമസി (47) നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാൾ ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 18 കേസുകളിലെ പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.
മോഷണം, അക്രമം, സംഘര്‍ഷം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത പല കേസുകളിലും ഷാജി പിടികിട്ടാപ്പുള്ളിയുമാണ്.
സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ട വിവിധയിടങ്ങളില്‍ നിന്നുള്ളയാളുകള്‍ ഇതിനോടകം കരിങ്കുന്നം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും ഇയാള്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അയച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതിക്കെതിരെയുള്ള കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ഇയാള്‍ കൊടും ക്രിമിനലാണെന്ന് പോലീസ് പറഞ്ഞു. കേസുകളില്‍ റിമാന്‍ഡിലാകുന്ന പ്രതി ജാമ്യം നേടി മുങ്ങുകയാണ് പതിവ്. ഇത്തരം സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.
ഇത്രയേറെ കേസുകളില്‍ പ്രതിയായ ഒരാള്‍ ഏത് സാഹചര്യത്തിലാണ് തൊടുപുഴയില്‍ ബസ് തൊഴിലാളിയായി എത്തിയതെന്നും ഇതിന്റെ മറവില്‍ മറ്റെവിടെയെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. . ഇതിനുപുറമേ ഇയാളുടെ കൂട്ടാളികളെക്കുറിച്ചും വിവരം ശേഖരിച്ചിട്ടുണ്ട്. ഷാജി അറസ്റ്റിലായി ഏതാനും സമയത്തിനുള്ളില്‍ ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ കരിങ്കുന്നം സ്‌റ്റേഷനിലെത്തിയിരുന്നു. ഷാജി മാനസിക രോഗിയാണെന്നും ഇതിന് ചികിത്സ തേടുന്നയാളാണെന്നും പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചതായാണ് അന്വേഷന്ന സംഘത്തിന്റെ വിലയിരുത്തല്‍. ആദ്യം തെറ്റായ വിലാസം നല്‍കി പോലീസിനെ കബളിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.