ഫാദര്‍സ് ഡേയില്‍ വാപ്പച്ചിയെ ആശംസിച്ച് രാത്രിയാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തന്നെ ഒരച്ഛനാക്കിയതിന് മകള്‍ മറിയത്തിനോടും ലോകത്തെ ഏറ്റവും നല്ല അച്ഛനായതിന് മമ്മൂട്ടിയോടും ദുല്‍ഖര്‍ നന്ദി പറഞ്ഞു.
‘ഫാദര്‍സ് ഡേയില്‍ ആശംസിക്കപ്പെടുക എന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാനാവില്ല അതിനെ. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു എന്ന് വേണമെങ്കില്‍ പറയാം. കാലാകാലങ്ങളിലേക്ക് നമ്മള്‍ സ്‌നേഹം കൊണ്ട് ബന്ധിതരായിരിക്കുന്നു. എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. ആഗ്രഹിച്ചതിലും ആലോചിച്ചതിലും കൂടുതല്‍ സന്തോഷം നീ കൊണ്ട് വന്നു തരുന്നു. ഇത്ര മേല്‍ പരസ്പരം സ്‌നേഹിക്കാന്‍ ആവുമോ എന്ന് തോന്നിപ്പിക്കും വിധം, ദിവസം തോറും, നീ വളരുന്നതിനൊപ്പം ആ സ്‌നേഹവും വളരുകയാണ്.’, മകളെ പരാമര്‍ശിച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചു.
ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ചു കൊണ്ടാണ് വാപ്പച്ചിയെക്കുറിച്ചുള്ള പോസ്റ്റ് ദുല്‍ഖര്‍ ആരംഭിക്കുന്നത്.
‘എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച് ‘protective’ ആണ് എന്നും, സ്‌നേഹവും കരുതലും കാണിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് മനസ്സിലായില്ല. ഇപ്പോള്‍ മറിയത്തിന്റെ ജനനത്തിന് ശേഷം എനിക്കറിയാം. നിങ്ങള്‍ കാണിച്ചു തന്ന അച്ഛന്‍ മാതൃകയുടെ പകുതിയോളമെങ്കിലും വരുന്ന ഒരച്ഛന്‍ ആകാന്‍ കഴിയണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. വാപ്പച്ചിക്ക് ഹാപ്പി ഫാദര്‍സ് ഡേ!’