
കോട്ടയം പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പുറത്തിറങ്ങാനാകാതെ 6 കുടുംബങ്ങള്‍. അക്രമികളെ ഭയന്ന് പള്ളിയില്‍ തന്നെ കഴിയുകയാണ് ഈ ആറ് കുടുംബങ്ങള്‍. പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുള്‍പ്പെടെ 43 പേരടങ്ങുന്ന കരോള്‍ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഒരു സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിച്ചു. നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50 തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നു പള്ളി ഭാരവാഹികള്‍ പറയുന്നു.
പരിസരത്തെ നാലു വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകര്‍ത്തു. പള്ളിക്കു നേരെയയും കല്ലേറുമുണ്ടായി. കൂട്ടമണിയടിച്ചതോടെയാണ് അന്‍പതോളം വരുന്ന അക്രമികള്‍ പിരിഞ്ഞുപോയത്.
സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഏഴ് പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. നിസാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ കോടതി ഇവരെ ജാമ്യത്തില്‍ വിട്ടു. പത്താമുട്ടത്ത് കയറരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.