കാസർഗോഡ് :കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊന്നു എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു . കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ് (27) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്. രാത്രി 11മണിയോടെയാണ് കൊലപാതകം നടന്നത്. കഞ്ഞാങ്ങാട് കല്ലൂരാവി വച്ചാണ് കൊലപ്പെട്ടത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപേയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു. ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആലമ്പാടി ഉസ്താദിന്റെ മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം ലീഗുകാർ ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത് തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.
ലീഗിന്റെ ക്രൂരമായ അക്രമത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്ലിംലീഗുകാർ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണമെന്ന് സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുസ്ലിം ലീഗ്- സിപിഐഎം സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് കല്ലൂരാവി. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി: ജുബരിയ. ഭാര്യ: ഷാഹിന.