ന്യൂയോര്‍ക്ക്: ഇത്തവണയും ഭാഗ്യം റോജര്‍ ഫെഡററെ തുണച്ചില്ല. വിംബിള്‍ഡണ്‍ ഫൈനലിന്റെ ആവര്‍ത്തനം തന്നെ യുഎസ് ഓപ്പണിലും സംഭവിച്ചു. ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച്ച് ഫെഡററെ കീഴടക്കി കീരീടം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ രണ്ടാം സീഡ് ആയ ഫെഡറര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും ദ്യോക്കോവിച്ചിന് പ്രതിസന്ധി സൃഷ്ടിയ്ക്കാനായില്ല. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ചിൻറെ വിജയം. സ്‌കോര്‍: 6-4, 5-7, 6-4, 6-4. ദ്യോകോവിച്ചിന്റെ ഈ സീസണിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. കരിയറിലെ പത്താം ഗ്രാന്‍സ്ലാം കിരീടവും. വിംബിള്‍ഡണിലും സമാനമായിരുന്നു ഫെഡററിന്റെ തോല്‍വി. ആദ്യ രണ്ട് സെറ്റുകള്‍ രണ്ട് പേരും പങ്കിട്ടെടുത്തെങ്കിലും പിന്നീടുള്ള സെറ്റുകള്‍ ദ്യോകോവിച്ച് സ്വന്തമാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദ്യോകോവിച്ച് യുഎസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തുന്നത്. അനുഭവപരിചയത്തിന്റെ കാര്യത്തില്‍ ഫെഡററുടെ ഏഴയലത്ത് എത്തില്ല ദ്യോകോവിച്ച് എന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ഏറ്റവും അധികം പിന്തുണയും ഫെഡറര്‍ക്ക് തന്നെ ആയിരുന്നു. 17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തം അക്കൗണ്ടിലുള്ള ഫെഡറര്‍ പക്ഷേ ഒരു ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. 2012 ലെ വിംബിള്‍ഡണില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന കിരീട നേട്ടം.