കോട്ടയം: വീട്ടമ്മയെ ക്വാര്‍ട്ടേഴ്സിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ കോട്ടയം ഡിവൈഎസ്പിയെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ചിറക്കടവ് സ്വദേശിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ക്വാര്‍ട്ടേഴ്സിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡിവൈഎസ്പിക്കെതിരെ വീട്ടമ്മയെക്കൊണ്ടു പരാതി നല്‍കിച്ചതിനു പിന്നില്‍ പൊലീസിലെ ചേരിപ്പോരാണെന്നും സൂചനയുണ്ട്.
ഭര്‍ത്താവ് ശബരിമല സന്ദര്‍ശനത്തിനു പോയ സമയത്ത് ചിറക്കടവ് സ്വദേശിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നായിരുന്നു ഡിവൈഎസ്പിക്കെതിരായ പരാതി. കഴിഞ്ഞ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍പ് മണിമല സിഐ ആയിരുന്ന ഡിവൈഎസ്പി ടി.എ ആന്റണിയ്ക്കു വീട്ടമ്മയും ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നിന്നു ലഭിച്ച നമ്പരില്‍ ആന്റണി സ്ഥിരം ബന്ധപ്പെട്ട് വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് വീട്ടില്ലില്ലാത്ത തക്കം നോക്കി ഡിവൈഎസ്പി ആന്റണി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കോട്ടയത്തു വരുത്തുകയായിരുന്നെന്നാണ് പരാതി.
കഞ്ഞിക്കുഴിയില്‍ നിന്നു സ്വന്തം വാഹനത്തില്‍ വീട്ടമ്മയെയുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയ ഡിവൈഎസ്പി ഇവിടെ വച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ഭര്‍ത്താവിനെയും മകനെയും കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചതെന്നാണ് പരാതി. പിന്നീട് മൂന്നു മണിക്കൂറോളം വീട്ടമ്മയെ ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നു കോട്ടയം ഈസ്റ്റ് പൊലീസ് ഡിവൈഎസ്പിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി എസ്.സതീഷ് ബിനോ അന്വേഷണം നടത്തി ഡിജിപി ടി.പി സെന്‍കുമാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
എന്നാല്‍, ഡിവൈഎസ്പിയെ വീട്ടമ്മയെ ഉപയോഗിച്ചു കേസില്‍ കുടുക്കുകയായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മണിമല സിഐ ആയിരുന്നപ്പോള്‍ മുതല്‍ തന്നെ ഡിവൈഎസ്പി ടി.എ ആന്റണിയെ വീട്ട്മ്മ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞ കോട്ടയം ജില്ലയിലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസുമായി അടുത്ത ബന്ധമുള്ള രണ്ടു ഡിവൈഎസ്പിമാര്‍ ചേര്‍ന്നാണ് പരാതി നല്‍കാനുള്ള വഴിയൊരുക്കിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഡിവൈഎസ്പി ടി.എ ആന്റണിയെ കഴിഞ്ഞ 25 നു ശേഷം 500 തവണയാണ വീട്ടമ്മ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. നിരവധി തവണ ഇവര്‍ ആന്റണിയെ വീട്ടിലേയ്ക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇദ്ദേഹം ഇവിടെ എത്താന്‍ തയ്യാറാകാതെ വന്നതോടെ വീട്ടമ്മ തന്നെയാണ് ഭര്‍ത്താവ് ശബരിമലയ്ക്കു പോയ തക്കം നോക്കി ഡിവൈഎസ്പിയുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, ലോ ആന്‍ഡ് ഓര്‍ഡര്‍ സ്ഥാനം ലഭിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ജില്ലയിലെ ഭരണ തലപ്പത്തുള്ള രണ്ടു ഡിവൈഎസ്പിമാരാണ് ആന്റണിയ്ക്കെതിരായ പരാതിയ്ക്കും സസ്പെന്‍ഷനും പിന്നിലുള്ളതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു പൊലീസിലെ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിട്ടുണ്ട്.