ഇ.അഹമ്മദിന്റെ നിര്യാണം: പതിവു മാറ്റി ബജറ്റ് അവതരിപ്പിക്കാനു ശ്രമം പാളും, മാറ്റിവച്ചില്ലെങ്കില്‍ ബഹിഷ്‌കരണം: പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇ. അഹമ്മദിന്റെ പെട്ടെന്നുള്ള നിര്യാണം ഇന്ന് അവതരിപ്പിക്കാനിരുന്ന ബജറ്റിനെ ബാധിച്ചേക്കും. ബജറ്റ് നടപടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.അവതരണം മാറ്റി വച്ചില്ലങ്കില്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫെബ്രുവരി ഒന്നിന് ദേശീയ ബജറ്റ് അവതരിപ്പിക്കാനുളള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കത്തെ ഇ.അഹമ്മദിന്റെ നിര്യാണം എങ്ങനെ ബാധിക്കുമെന്നത് ഇനിയും വ്യക്തമല്ല. ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന പതിവില്‍ നിന്ന് മാറി നേരത്തെ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്. ഫെബ്രുവരി 26 ന് അവതരിപ്പിക്കുന്ന പതിവ് വിട്ട് കേന്ദ്ര ബജറ്റിന്റെ ഭാഗമായി റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭയുടെ പ്രവര്‍ത്തനരീതിയും പാരമ്പര്യവുമനുസരിച്ച് സമ്മേളനകാലയളവില്‍ സിറ്റിങ് എംപി അന്തരിച്ചാല്‍ സഭ ചേര്‍ന്ന് അതില്‍ അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം ജൂലൈ 18ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അന്തരിച്ച മധ്യപ്രദേശില്‍ നിന്നുളള ബിജെപി അംഗം ദല്‍പത് സിങ് പരാസ്‌തെയ്ക്ക് അനുശോചനം രേഖപ്പെടുത്തി പാര്‍ലമെന്റ് പിരിയുകയായിരുന്നു. ജൂണ്‍ ഒന്നിനാണ് ദല്‍പത് സിങ് പരാസ്‌തെ അന്തരിച്ചത്. ഇത് പരിഗണിച്ചാല്‍ അഹമ്മദിന് ആദരവ് രേഖപ്പെടുത്തി ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞേക്കും. 25 വര്‍ഷം ലോക്‌സഭാംഗവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്ന അഹമ്മദ് 2004 ലെ ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായും രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബജറ്റ് അവതരിപ്പിച്ച ശേഷം ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയുക, ഇ.അഹമ്മദ് അംഗമല്ലാത്ത രാജ്യസഭ സാധാരണ പോലെ പ്രവര്‍ത്തിക്കാവുന്നതിനാല്‍ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തിയ ലോക്‌സഭ പിരിഞ്ഞ ശേഷം ദേശീയ ബജറ്റ് രാജ്യസഭയില്‍ അവതരിപ്പിക്കുക തുടങ്ങിയ സാധ്യതകളുണ്ട്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറുമായും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖര്‍ഗെയുമായും ആശയവിനിമയം നടത്തിയ ശേഷം ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത ശേഷം ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനാകും തീരുമാനമെടുക്കുക.

ജൂണ്‍ 18 ന് പരാസ്‌തെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭ പിരിയുന്നതിന് മുന്‍പ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയ്ക്ക് പരിചയപ്പെടുത്തി ഒരു നടപടിക്രമം പൂര്‍ത്തിയാക്കിയിരുന്നു. ഇതാണ് ബജറ്റ് അവതരിപ്പിച്ച ശേഷം അനുശോചനം രേഖപ്പെടുത്തി പിരിയാനുള്ള സാധ്യത സൂചിപ്പിക്കുന്നത്.

Top