ഇ. അഹമ്മദിന് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ജനകീയ മുഖമായ സി.എച്ച് മുഹമ്മദ് കോയ നല്‍കിയ വിശേഷണമാണ് ‘പറക്കും തളിക’. വിദേശ രാജ്യങ്ങളുമായി താന്‍ സ്ഥാപിച്ച ബന്ധങ്ങളിലൂടെ ഈ വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു അഹമ്മദ്. ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ സമയം ഇന്ത്യയുടെയും ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെയും ആകാശത്തിലൂടെയാണ് അഹമ്മദ് പറന്നു നടന്നിരുന്നത്. മനുഷ്യര്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യുകയും പോകാന്‍ ഭയപ്പെടുന്ന സ്ഥലങ്ങളില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു.
അറബ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതില്‍ ഇ. അഹമ്മദിന്റെ ഇടപെടല്‍ വലുതായിരുന്നു. 2004-ല്‍ അഹമ്മദ് നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് 72,000 ആയിരുന്ന ഹജ്ജ് ക്വോട്ട 1,70,000 ആയി വര്‍ധിപ്പിച്ചത്. ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമല്ലാതിരുന്നിട്ടും അറബ് ഉച്ചകോടികളിലടക്കം ഇന്ത്യയ്ക്ക് പ്രാതിനിധ്യം ലഭിക്കാന്‍ കാരണം ഇ.അഹമ്മദിന് അറബ് രാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ്. അറബ് രാജ്യങ്ങളിലെ ഭരണതലവന്‍മാരുമായും രാജകുടുംബങ്ങളുമായും അത്ര ശക്തമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ലോകരാഷ്ട്ര ഉച്ചകോടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി എന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്. ഐക്യരാഷ്ട്രസഭയില്‍ 10 തവണയാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്.
മനുഷ്യര്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യുകയും പോകാന്‍ ഭയപ്പെടുന്ന സ്ഥലങ്ങളില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറാഖില്‍ മൂന്ന് ഇന്ത്യന്‍ ഡ്രൈവര്‍മാരെ അല്‍ഖ്വയ്ദ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയപ്പോള്‍ അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതില്‍ തന്റെ വ്യക്തി ബന്ധങ്ങള്‍ അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന്‍സിങിന്റേയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും പ്രശംസയും അദ്ദേഹത്തെ തേടിയെത്തി.
സൗദി സര്‍ക്കാര്‍ നിതാഖത്ത് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്കായി കാര്യമായ ഇടപെടുവാന്‍ അഹമ്മദിന് സാധിച്ചിരുന്നു. വിസാ നിയമത്തില്‍ ഇളവുണ്ടാക്കാനും അവധി നീട്ടിവാങ്ങുവാനുമെല്ലാം അഹമ്മദ് നിരന്തരം പരിശ്രമിച്ചു. ഇതിനായി നിരവധി തവണ അദ്ദേഹം സൗദി രാജാവിനെ നേരില്‍ കണ്ടിരുന്നു. വിദേശകാര്യസഹമന്ത്രിയായിട്ടായിരുന്നു കൂടുതല്‍ കാലവും പ്രവര്‍ത്തിച്ചതെങ്കിലും രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഒരു ആറ് മാസത്തോളം മാനവവിഭവശേഷി മന്ത്രാലയത്തിലും ഇ.അഹമ്മദ് മന്ത്രിയായി ഉണ്ടായിരുന്നു.
ഇന്ദിര ഗാന്ധി മുതല്‍ രാജ്യം ഭരിച്ച എല്ലാം പ്രധാനമന്ത്രിമാരും മികച്ച സൗഹൃദം അഹമ്മദ് വെച്ചു പുലര്‍ത്തി. 1984ല്‍ കേരള വ്യവസായി മന്ത്രിയായിരിക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ ഉന്നതതല സംഘത്തെ നയിക്കാന്‍ ഇന്ദിര ഗാന്ധി നിയോഗിച്ചത് അഹമ്മനിനെയായിരുന്നു. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ കണ്ട് കൂടിക്കാഴ്ച നടത്താനായി പ്രത്യേക ദൂതനായും അദ്ദേഹം നിയോഗിക്കപ്പെട്ടു. സോമാലിയില്‍ ഇന്ത്യക്കാര്‍ തടവിലായപ്പോഴും ഇറാഖില്‍ ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയപ്പോഴും ലിബിയന്‍ പ്രക്ഷോഭത്തില്‍ പൗരന്മാര്‍ ഒറ്റപ്പെട്ടപ്പോഴും രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി അഹമ്മിന്റെ നയതന്ത്രപാടവം മുതല്‍കൂട്ടായി. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടത് അദ്ദേഹത്തിന്റെ കാലത്താണ്.