കണ്ണൂരില്‍ ജനിച്ചു, മലപ്പുറത്ത് വളര്‍ന്നു; നഷ്ടമായത് രാഷ്ട്രീയ നയതന്ത്രജ്ഞനെ

മലപ്പുറം: കണ്ണൂരിലാണ് ഇ. അഹമ്മദ് ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച മലപ്പുറത്തായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇടപെടലുകളില്‍ അദ്ദേഹത്തോളം നൈപുണ്യം പുലര്‍ത്തിയ വ്യക്തികള്‍ ഇല്ലതന്നെ. കേന്ദ്ര സഹമന്ത്രിയായിരിക്കെ പ്രവാസികള്‍ക്കായി ചെയ്ത സഹായങ്ങള്‍ മതി എക്കാലവും അദ്ദേഹത്തെ ഓര്‍ക്കാന്‍. മലപ്പുറത്തെ അദ്ദേഹവും അദ്ദേഹത്തെ മലപ്പുറവും പരസ്പരം നെഞ്ചേറ്റിയതിനു തെളിവാണ് ഇവിടെ അദ്ദേഹത്തിന് എറ്റവും ഒടുവില്‍ ലോക്സഭയിലേക്കു കിട്ടിയ കനത്ത ഭൂരിപക്ഷം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തെ മലപ്പുറത്തെ വോട്ടര്‍മാര്‍ ലോക്സഭയിലെത്തിച്ചത്.

നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 12 തവണ മത്സരിച്ച അഹമ്മദ് 10 തവണയും തിരഞ്ഞെടുത്തതു മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളാണ്. 67ല്‍ കണ്ണൂരിലും 77ല്‍ കൊടുവള്ളിയിലും മല്‍സരിച്ചു ജയിച്ച ശേഷം പ്രവര്‍ത്തന കേന്ദ്രം മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. താനൂരില്‍നിന്നു മൂന്നു തവണ നിയമസഭയിലെത്തി. മഞ്ചേരി, പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍നിന്നായി ഏഴു തവണ പാര്‍ലമെന്റിലും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശകാര്യ സഹമന്ത്രിയായപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ 10 തവണ ഇന്ത്യയെ പ്രതിനിധീകരിച്ച അഹമ്മദ് വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ മുഖവും ശബ്ദവുമായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴും കേരളത്തെ അദ്ദേഹം മറന്നില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി. അതനുസരിച്ച് പുതിയ വികസന പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവിടെ നിന്നുള്ള പ്രവാസികള്‍ പ്രയാസമനുഭവിച്ചപ്പോഴെല്ലാം ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഹമ്മദ് മുന്‍കയ്യെടുത്തു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. ലിബിയയില്‍ ആഭ്യന്തര പ്രശ്നമുണ്ടായപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയതന്ത്ര ചര്‍ച്ചകള്‍ക്കു നിയോഗിച്ചത് എംപിയായ അഹമ്മദിനെയാണ്. സൗദിയില്‍ നിതാഖാത്ത് മൂന്നു ഘട്ടമായി നടപ്പാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് ഓരോ തവണയും സമയം നീട്ടിക്കിട്ടിയതിനു പിന്നിലും അഹമ്മദിന്റെ ഇടപെടലുകളായിരുന്നു. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായതില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികളായിരുന്നു.

പ്രവാസിമലയാളികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ആശ്രയിക്കാവുന്ന അത്താണിയായിരുന്നു അഹമ്മദ്. പ്രവാസികളുടെ വോട്ടവകാശത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും അനോദ്യോഗിക ബില്ല് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.

Top