ഇ-വിപണി ഒരുങ്ങുന്നു; ഉത്സവ സീസണിനെ വരവേല്‍ക്കാന്‍

മുംബൈ: ദീപാവലി, വിവാഹ സീസണ്‍ തുടങ്ങിയവ മുന്നില്‍ക്കണ്ട് ഇടെയില്‍ വമ്പന്മാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍, പേടിഎം തുടങ്ങിയവ ഒരുക്കങ്ങളടെ അന്തിമഘട്ടത്തിലാണ്. ഷോപ്ക്‌ളൂസ്, ക്രാഫ്റ്റ്വില്ല, ഇ ബേ തുടങ്ങിയവയും ഈ വര്‍ഷമവസാനത്തോടെ മൊത്തം വില്‍പന 100 കോടിയിലത്തെിക്കാന്‍ ലക്ഷ്യമിട്ട് സജീവമായിക്കഴിഞ്ഞു. ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ വമ്പന്മാരാണ് ഇത്തവണയും ആദ്യം രംഗത്തത്തെിയത്. ഒക്ടോബര്‍ 13നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യന്‍ ഡേ’ വില്‍പന. കഴിഞ്ഞ ദീപാവലിക്ക് 10 മണിക്കൂര്‍കൊണ്ട് 10 കോടി ഡോളറിന്റെ വില്‍പന നേടാന്‍ ഇവര്‍ക്കായിരുന്നു. മിനിറ്റില്‍ ഒരു കോടി രൂപയുടെ വില്‍പനയാണ് സ്‌നാപ് ഡീല്‍ ലക്ഷ്യമിടുന്നത്. അടുത്ത മൂന്നുമാസം വില്‍പനയുടെ 75 ശതമാനവും ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍, പേടിഎം എന്നീ നാല് വെബ്‌സൈറ്റുകള്‍ വഴിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രാഫ്റ്റ് വില്ല വലിയ ഡിസ്‌കൗണ്ടുകളെപ്പറ്റി സംസാരിച്ച് തുടങ്ങിയിട്ടില്‌ളെങ്കില്‍ ഇബേ പോലുള്ളവ ഇപ്പോള്‍ തന്നെ 75 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യപിച്ചിട്ടുണ്ട്. വന്‍ ടി.വി പരസ്യങ്ങളുടെ പിന്തുണയും ഇത്തവണ വില്‍പനക്ക് പ്രതീക്ഷിക്കുന്നുണ്ട്. ക്രാഫ്റ്റ്വില്ല മാത്രം 5060 കോടി രൂപയാണ് പരസ്യങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഈയാഴ്ച മുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഫ്‌ളിപ്കാര്‍ട്ടിന് കഴിഞ്ഞ വര്‍ഷമുണ്ടായ തിരിച്ചടി പാഠമാക്കി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ഇത്തവണ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. കൂടുതല്‍ ഐ.ടി, കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാര്‍, ചരക്ക് കൈമാറ്റ സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഷോപ്ക്‌ളൂസ് 1,70,000 വ്യാപാരികളെയാണ് കഴിഞ്ഞ ഏഴുമാസംകൊണ്ട് പുതുതായി ചേര്‍ത്തിരിക്കുന്നത്.

Top