ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ബിജെപി ഉയര്‍ത്തിക്കാട്ടുന്നവരുടെ പട്ടികയില്‍ മലയാളിയായ ഈ ശ്രീധരനും. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദി മുന്‍ഗണന നല്‍കുന്നവരില്‍ മെട്രോമാനമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂെലെയില്‍ അവസാനിക്കും. പിന്‍ഗാമിയെ കണ്ടെത്താനുള്ള ബി.ജെ.പിയുടെ ചര്‍ച്ച അന്തിമഘട്ടത്തിലാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയാണെങ്കില്‍ ഇഷ്ടക്കാരനെ സ്ഥാനാര്‍ഥിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അനുകൂല സാഹചര്യവും ഒത്തുവരും.
ബി.ജെ.പിയിലെ പ്രമുഖ നേതാക്കള്‍ പട്ടികയിലുണ്ടെങ്കിലും മോഡിയുടെ മനസില്‍ ഇ. ശ്രീധരനാണെന്ന് അടുപ്പമുള്ളവര്‍ പറയുന്നതായി ജിനേഷ് പുനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റെടുത്ത പദ്ധതികള്‍ വിജയിപ്പിച്ച ‘മെട്രോമാന്‍’ ആര്‍.എസ്.എസിനും അനഭിമതനല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തെ കണ്ണടച്ച് എതിര്‍ക്കാന്‍ സാധ്യതയില്ല. തന്റെ വികസന പദ്ധതികള്‍ക്കു പിന്തുണയേകുന്ന ആളായിരിക്കണം രാഷ്ട്രപതിയെന്നാണു മോഡിയുടെ താല്‍പ്പര്യം. കേന്ദ്ര മന്തിസഭാ രൂപീകരണ വേളയില്‍ മോഡി, ഇ. ശ്രീധരന്റെ ഉപദേശം തേടിയിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുരളീമനോഹര്‍ ജോഷിയും സംഘപരിവാര്‍ നേതൃത്വത്തിന്റെ പട്ടികയിലുണ്ട്. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പരിഗണനയിലുണ്ട്.
അതേ സമയം, മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയെ രാഷ്ട്രപതിയാക്കുന്നതിനോട് മോഡിക്കു താല്‍പ്പര്യമില്ല. തന്റെ തീരുമാനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ‘രാജനീതി’ ഓര്‍മിപ്പിച്ച് അദ്വാനി തടസം നില്‍ക്കുമോയെന്ന് മോഡിക്ക് ആശങ്കയുണ്ട്. മോഡി- അമിത് ഷാ കൂട്ടുകെട്ടിനെതിരേ അഡ്വാനി പല ഘട്ടങ്ങളിലും രംഗത്ത് വന്നതും അദ്ദേഹം ഒഴിവാക്കപ്പെടുന്നതിനു കാരണമായി.
ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്. നിയമസഭാതെരഞ്ഞെടുപ്പു ഫലംകൂടി പുറത്തുവരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാവും. എന്നാല്‍ ഇവരുടെ പിന്തുണമാത്രം മതിയാകില്ല ബി.ജെ.പിക്ക് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍. ഈ സാഹചര്യത്തില്‍ അണ്ണാ എ.ഡി.എം.കെ. അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും ബി.ജെ.പി. ആഗ്രഹിക്കുന്നുണ്ട്.
ഇ. ശ്രീധരന്‍ അഥവാ ഡോ. ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ ജനിച്ചത് പാലക്കാട് ജില്ലയിലെ കറുകപുത്തൂര്‍ ഗ്രാമത്തിലാണ്. ഡല്‍ഹി മെട്രോറെയില്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2008ലെ പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട് കൊല്‍ക്കത്ത ഭൂഗര്‍ഭ റെയില്‍പാത, കൊങ്കണ്‍ റെയില്‍വേ െലെന്‍, പാമ്പന്‍പാലത്തിന്റെ പുനഃനിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്കും നേതൃത്വം നല്‍കി.