കല്യാണമുറപ്പിച്ച ശേഷം പിന്‍മാറിയ യുവതിയുടെ ചെവിയുടെ ഒരു ഭാഗം കടിച്ചുമുറിക്കുകയും പഴ്‌സ് തട്ടിപ്പറിച്ച് പണം കൈക്കലാക്കുകയും ചെയ്ത ശ്രീലങ്കന്‍ യുവാവിനെ ദുബയ് കോടതി നാട്കടത്താന്‍ ഉത്തരവിട്ടു.
ഇയാളുടെ ആറ് മാസത്തെ ശിക്ഷാ കാലാവധി അവസാനിച്ചതോടെയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ദുബയില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന 34കാരനായ ശ്രീലങ്കന്‍ യുവാവ് തന്റെ നാട്ടുകാരി കൂടിയായ യുവതിയെ അക്രമിക്കുകയായിരുന്നു.
അല്‍ സത്‌വയില്‍ വെച്ച് ജോലിക്കായി പോകുംവഴി യുവതിയെ പിറകില്‍ നിന്ന് ആക്രമിച്ച ശേഷം പഴ്‌സ് തട്ടിപ്പറിക്കുകയും ചെവിയുടെ ഒരു ഭാഗം കടിച്ചെടുക്കുകയുമായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും പരസ്പരം പൊരുത്തപ്പെടാനാവില്ലെന്ന് കണ്ട് യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഇതിന്റെ അരിശം തീര്‍ക്കാന്‍ തന്നെ ഇടയ്ക്കിടെ വഴിയില്‍ തടഞ്ഞ് പഴ്‌സ് തട്ടിപ്പറിച്ച ശേഷം അതിലെ പണം കൈക്കലാക്കുമായിരുന്നുവെന്ന് യുവതി കോടതിയെ അറിയിച്ചു.അവസാനം ചെവി കടിച്ചെടുത്തതോടെയാണ് ഇയാള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായത്.
കേസില്‍ വാദംകേട്ട ദുബയ് കോടതി ഇയാളെ ആറ് മാസം തടവിന് ശിക്ഷിക്കാനും അത് കഴിഞ്ഞ് നാട്ടിലേക്കയക്കാനും ഉത്തരവിടുകയായിരുന്നു. ഇയാളുടെ തടവ് കാലാവധി നീട്ടണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.