ഗുവാഹത്തി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ആറു പേരുടെ നില ഗുരുതരമാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 4.36 ഓടെയാണ് അനുഭവപ്പെട്ടത്. 3.8 തീവ്രതയുള്ള തുടര്‍ ചലനവും മണിപ്പൂരില്‍ രേഖപ്പെടുത്തി.
ഝാര്‍ഖണ്ഡ്, മണിപ്പുര്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ നൊനീയാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഭൂകമ്പത്തിന്റെ പ്രകമ്പനം ബിഹാറിലും പശ്ചിമ ബംഗാളിലും ഒഡീഷയിലും വരെയെത്തി.
മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് വീടുകള്‍ ഇവിടെ തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കാര്യമായ കേടുപാടുണ്ട്. നിരവധി കെട്ടിടങ്ങളുടെ ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്. ഇംഫാല്‍ നഗരത്തിലെ പ്രമുഖ വനിതാ മാര്‍ക്കറ്റ് കെട്ടിടവും തകര്‍ന്നു. കെട്ടിടം തകര്‍ന്നുവീണാണ് ഇവിടെ മൂന്നു പേര്‍ മരിച്ചത്. മിക്ക നഗരങ്ങളിലും വൈദ്യൂതി ബന്ധവും താറുമാറായി. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ദുരിതത്തില്‍പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് ബാബു അറിയിച്ചു.
ഗുവാഹത്തിയിലുള്ള ദേശീയ ദുരിതാശ്വാസ സേനയോട് ഉടന്‍ ദുരിത ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. നിലവില്‍ അസമിലുള്ള ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു സ്ഥിതിഗതി വിലയിരുത്തി.