കൊളസ്റ്റോളിനെ പേടിച്ച് ഇറച്ചി കഴിക്കുന്നത് കുറച്ച ഇറച്ചി കൊതിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
ബീഫും പന്നിയിറച്ചിയുമൊക്കെ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണു പുതിയ പഠനം. ഇന്‍ഡിയാനയിലെ പുര്‍ഡുവെ സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഡോക്ടര്‍മാര്‍ ഇത്രകാലം പറഞ്ഞിരുന്നത് പതിവായി ബീഫ് കഴിക്കുന്നവര്‍ അതിന്റെ അളവ് 70 ഗ്രാമില്‍ ഒതുക്കിയില്ലെങ്കില്‍ പണി കിട്ടുമെന്നായിരുന്നു. ഇറച്ചി പതിവായി കഴിക്കാതിരിക്കുന്നതാണു ശരീരത്തിന് നല്ലതെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ പുതിയ പഠനം പറയുന്നതു കേള്‍ക്കൂ – റെഡ് മീറ്റ് പോഷകങ്ങളുടെ കലവറയാണ്. പ്രോട്ടീനും ഇരുമ്പും ഇതില്‍ ധാരാളമുണ്ട്. അത് എത്ര കഴിക്കുന്നോ അത്രകണ്ടു നല്ലതാണ് – സര്‍വകലാശാലയിലെ ന്യൂട്രീഷന്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫ. വെയിന്‍ ഷാംപ്‌ബെല്‍ പറയുന്നു. പതിവായി മാട്ടിറച്ചി കഴിക്കുന്ന നിരവധി പേരില്‍ തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനും പഠനത്തിനും ഒടുവിലാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പഠനകാലത്തു നിരീക്ഷിച്ചവരില്‍ ആര്‍ക്കും കൊളസ്‌ട്രോള്‍, ബിപി എന്നിവയുടെ നിലയില്‍ യാതൊരു വ്യതിയാനവും ദൃശ്യമായില്ല. ഇതുമൂലം ഹൃദയാരോഗ്യത്തിനു ദോഷകരമായ യാതൊരു സാഹചര്യവും സൃഷ്ടിക്കപ്പെട്ടുമില്ല. മറിച്ച് രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് സഹായകമായെന്നും വ്യക്തമായി.