സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് ബാങ്കിംഗ് രംഗത്ത് പുത്തൻ സാമ്പത്തിക മാറ്റങ്ങൾ നാളെ മുതൽ. ബാങ്ക് ഇടപാടുകാരെ നേരിട്ട് ബാധിക്കുന്നതാണ് പുത്തൻ മാറ്റങ്ങൾ.
പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ പ്രകാരം എസ്.ബി.ഐ ഉപഭോക്താക്കൾക്ക് മാസത്തിൽ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകമായിരിക്കും.
എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് സാമ്പത്തിക വർഷത്തിൽ 10 ചെക്ക്‌ലീഫ് മാത്രമായിരിക്കും സൗജന്യമായി ലഭിക്കുക. ഇതിന് പുറമെ കൂടുതലായി ഉപയോഗിക്കുന്ന ചെക്ക്‌ലീഫ് വേണമെങ്കിൽ അതിന് പണം ഈടാക്കും.
കഴിഞ്ഞ രണ്ടു വർഷത്തെ ആദ്യ നികുതി റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്ന് ഇരട്ടി ടി.ഡി.എസ് ഈടാക്കും. പ്രതിവർഷം 50,000 രൂപക്ക് മുകളിൽ ടി.ഡി.എസ് നൽകിയിട്ടും റിട്ടോണുകൾ സമർപ്പിക്കാവർക്കാണ് ഇത് ബാധകമാവുക.
കാനറാ ബാങ്കിൽ ലയിച്ച സിൻഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകൾക്കും മാറ്റമുണ്ടാകും. പുതിയ കോഡുകൾ വ്യാഴാഴ്ച മുതൽ നിലവിൽ വരും.
കോർപ്പറേഷൻ ബാങ്ക്്, ആന്ധ്രാ ബാങ്ക് ചെക്ക്ബുക്കുകളുടെ കാലാവധി അവസാനിച്ചു. ഇടപാടുകാർ ഇനിമുതൽ ഉപയോഗിക്കേണ്ടത് യൂണിയൻ ബാങ്കിന്റെ ചെക്ക്ബുക്കായിരിക്കും.