ക്വിറ്റോ: ഇക്വഡോറിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 238ആയി . 1500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും ഫ്‌ലൈ ഓവറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളും തടസ്സപ്പെട്ടു.
പ്രാദേശിക സമയം ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് വടക്കന്‍ തീരപ്രദേശമായ മൂസിനെയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. തലസ്ഥാന നഗരമായ ക്വിറ്റോയില്‍ പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടുനിന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി.
ഭൂചനലത്തെ തുടര്‍ന്ന് രാജ്യത്തെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പെസിഫിക് സുനാമി വാണിങ് സെന്റര്‍ ഇക്വഡോര്‍, കൊളംബിയ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയല്‍രാജ്യമായ പെറുവും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.