കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി നടപടി.
പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. വിശേഷിച്ചും കേന്ദ്ര ഏജൻസികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താൻ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പിലും ശക്തമായ വിഷയമായിത്തീരുമെന്നത് ഉറപ്പായിരിക്കുകയാണ്.
കേസില്‍ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടുകയാണ്.
അതേസമയം മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലന്‍സ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.
ഇതില്‍ താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മൂന്ന് ഘട്ടങ്ങളിലായി വാര്‍ത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകള്‍ സഹിതമാണ് അദ്ദേഹം വിജിലന്‍സിന് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഹര്‍ജി നിലനില്‍ക്കില്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലന്‍സിന്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലന്‍സ് സ്വീകരിച്ച നിലപാട്. ഹര്‍ജി നേരത്തെ തന്നെ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.