മലപ്പുറം: വാരിയെറിയാന്‍ ലക്ഷങ്ങളും എന്തുപറഞ്ഞാലും അടിമകളെ പോലെ അനുസരിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘവുമുണ്ടെങ്കില്‍ ഈ നാട്ടില്‍ എന്തും ചെയ്യാമെന്നതിന്റെ തെളിവായി മാറുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ ആശുപത്രി. ആതുര ശുത്രൂഷ കേരളത്തിലെ വന്‍ കച്ചവടമായി മാറിയതോടെ കച്ചവടക്കാര്‍ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എന്ത് നെറികേടും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് മാറുകയാണ്. ദിനം പ്രതി ആയിരകണക്കിന് കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിലെ മാലിന്യം മുഴുവന്‍ സമീപത്തെ ജനവാസസ്ഥലത്തേയ്ക്ക് തള്ളി എടപ്പാള്‍ ആശുപത്രി മാനേജ്‌മെന്റ് ജനദ്രാഹത്തിന്റെ മറ്റൊരുപതിപ്പാവുകയാണ്. ജനങ്ങളുടെ നിരന്തരമായ പരാതികളും ആശുപത്രിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട റിപ്പോര്‍ട്ടുകളും ജലരേഖയായി മാറി. പ്രതിഷേധിക്കുന്നവരെ ഗുണ്ടായിസം കാട്ടി വിറപ്പിച്ചും നോട്ടുകെട്ടുകളെറിഞ്ഞു തങ്ങല്‍ക്കനുകൂലമാക്കി മാറ്റുകയാണ്.
ചികിത്സയ്ക്കായി ആയിരങ്ങളാശ്രയിക്കുന്ന ആശുപത്രി തന്നെ മാരക രോഗങ്ങളുടെ ഉല്‍പ്പാദനകേന്ദ്രമായി മാറുകയാണ്. ആശുപത്രിയില്‍ നിന്ന് പുറം തള്ളുന്ന മാലിന്യം സമീപത്തെ പാടശേഖരത്തിലേയ്ക്കും അവിടെ നിന്ന് ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിലേയ്ക്കും വ്യാപിക്കുന്നു. പാടശേഖരത്തിലെ കറുത്ത് കുറുകയ ദുര്‍ഗന്ധം വമിക്കുന്ന വെള്ളംമാത്രം മതി ഈ ആശുപത്രി ചെയ്യുന്ന ജനദ്രോഹം മനസിലാക്കാന്‍. കാലവര്‍ഷത്തില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ ഈ ആശുപത്രി മാലിന്യങ്ങള്‍ കുടുതല്‍ ജനവാസകേന്ദ്രളെ കൂടി ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജനങ്ങളുടെ പരാതി വ്യാപകമായതോടെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ തെളിവു സഹിതം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിച്ചതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ചതോടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതായി വട്ടകുളം പ്രാഥമാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയ്ക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിനടുത്ത് വെള്ളകെട്ട് കറുത്ത് നിറവും ദുര്‍ഗന്ധവും വമിക്കുന്നതാണ്. ഇത് പകര്‍ച്ചവ്യാധികള്‍ പകരുന്നതിന് ഇടയാക്കും.
ഏക്കറുകളോളം വരുന്ന പാടശേഖരത്തില്‍ മലിന ജലമെത്താനുള്ള മറ്റ് സ്‌ത്രോസുകളൊന്നും ഇവിടെ കാണുന്നില്ല. ആശുപത്രിയില്‍ നിന്ന് പുറത്ത് വരുന്ന മലിന്യമാണ് ഇത്തരത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് വ്യക്തമാക്കുന്നു. എന്നിട്ടും കാണേണ്ടവര്‍ കാണാതെ ആശുപത്രി മുതലാളിയ്ക്ക് ഓശാനപാടാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ജനങ്ങല്‍ മുഴുവന്‍ ആശങ്കയോടെ ആശുപത്രിക്കെതിരെ സമര രംഗത്തണിനിരക്കുമ്പോള്‍ മന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആശുപത്രിയക്കൊപ്പമാണെന്നുള്ളതാണ് വിരോധാഭാസം.