കയ്‌റോ: ഈജിപ്തിലെ പ്രശസ്ത കുഫു പിരമിഡില്‍ കയറി നഗ്‌നരായി ചിത്രമെടുത്ത ഡാനിഷ് ദമ്പതികള്‍ക്കെതിരെ പ്രതിഷേധം. പിരമിഡിന് മുകളില്‍ യുവതി നഗ്നയായി നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് ഇതിനെതിരെ പ്രതിഷേധം ശക്തമായത്. പിരമിഡില്‍ കയറുന്നത് നിയമപരമായി കുറ്റകരണാണ്.
ഗിസ പിരമിഡില്‍ ദമ്പതികള്‍ കയറുന്നതിന്റെ മൂന്നു മിനിറ്റുള്ള വിഡിയോയാണു പ്രചരിച്ചത്. രാത്രിയിലാണിത് ചിത്രീകരിച്ചിരിക്കുന്നതെന്നു രാജ്യാന്തരമാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പിരമിഡിന്റെ മുകളില്‍ എത്തുന്നതോടെ യുവതി തന്റെ ഷര്‍ട്ട് ഊരുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്നിടത്താണു വിഡിയോ അവസാനിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആന്റിക്വിറ്റിസ് മന്ത്രി ഖാലെദ് അല്‍-അനാനി പ്രോസിക്യൂട്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി. വിദേശികളായ രണ്ടു പേര്‍ രാത്രിയില്‍ പിരമിഡിനു മുകളിലേക്കു കയറുന്നതിന്റെ വിഡിയോയും ചിത്രവുമെടുത്തതു സദാചാരം ലംഘിക്കുന്നതാണ്. അതില്‍ കൃത്യമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തി നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.
ന്യൂഡ് ആര്‍ട്ടിസ്റ്റായ ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രിയാസ് ഹവിദാണ് വിഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതെന്ന് ഈജിപ്തിലെ അഹ്‌റം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലോകത്തിലെ പ്രശസ്തമായ പല സ്ഥലങ്ങളിലും ഇദ്ദേഹം നഗ്‌നഫോട്ടോകള്‍ എടുത്തിട്ടുണ്ട്. പിരമിഡില്‍ കയറുന്നതും നഗ്‌നരായി ഫോട്ടോ എടുക്കുന്നതും ഈജിപ്തില്‍ കുറ്റകരമാണ്.
എന്നാല്‍ ഷയര്‍ ചെയ്യപ്പെടുന്ന വീഡിയോ വ്യജമായി നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ 5നാണ് വീഡിയോ അപ്ലോഡ് ചെയ്തത്.