കെയ്‌റോ: ലോകത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തിയ വിമാമ റാഞ്ചലിന് ക്ലൈമാക്‌സ്. മുന്‍ ഭാര്യയെ കാണാനായി വിമാനം റാഞ്ചിയ ഈജ്പ്തുകാരന്‍ അറസ്റ്റിലായതോടെയാണ് ആശങ്ക നാടകീയതയിലേക്ക് വഴിമാറിയത്. 70ലേറെ പേരുമായി അലക്‌സാന്ധ്രിയയില്‍ നിന്ന് കെയ്‌റോയിലേക്ക് പോയ വിമാനമാണ് വെറ്റിനററി പ്രൊഫസറായ സെയ്ഫ് എല്‍ ദിന്‍ മുസ്തഫ റാഞ്ചി സൈപ്രസിലിറക്കിയത്. ഇയാള്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചു. ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നും സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തി വിമാനം സൈപ്രസിലേക്ക് വഴി തിരിച്ചുവിടാനാവശ്യപ്പെട്ടു.
തുടര്‍ന്ന് ഈജിപ്തിന് വടക്കുള്ള സൈപ്രസിലെ ലര്‍ണാക വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. വിമാനക്കമ്പനി നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ തുടര്‍ന്ന് വിദേശികളും വിമാനജീവനക്കാരുമടക്കം ഏഴു പേരെ ബന്ദികളാക്കി, മറ്റുള്ളവരെ വിട്ടയച്ചു. സൈപ്രസിലുള്ള മുന്‍ ഭാര്യയെ കാണണമെന്നാണ് മുസ്തഫ അധികൃതരോട് ആദ്യം ആവശ്യപ്പെട്ടത്. ഇവരെ കണ്ടെത്തി വിമാനത്താവളത്തിലെത്തിച്ചു. ഇതിനിടെ ഈജിപ്തിലെ വനിതാതടവുകാരെ മോചിപ്പിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വൈകാതെ ബന്ദികളില്‍ ഒരാള്‍ കോക്പിറ്റിന് സമീപത്തെ ജനല്‍ വഴിയും മറ്റുള്ളവര്‍ വിമാനത്തിന്റെ വാതില്‍ വഴിയും പുറത്തേക്കിറങ്ങുന്നതാണ് കണ്ടത്. പിന്നാലെ മുസ്തഫ കൈകളുയര്‍ത്തി പുറത്തേക്കിറങ്ങി കീഴടങ്ങി.
ബന്ദികളെ എല്ലാവരെയും മോചിപ്പിച്ചെന്നും മുസ്തഫയെ അറസ്റ്റ് ചെയ്‌തെന്നും സൈപ്രസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരസ്പര വിരുദ്ധമായ ആവശ്യങ്ങളുന്നയിച്ച മുസ്തഫയ്ക്ക് മാനസികരോഗമുണ്ടെന്നും സംശയങ്ങമുണ്ട്. എന്നാല്‍ ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചു. വിമാനറാഞ്ചലിന് പിന്നില്‍ ഭീകരസംഘടനകളല്ലെന്ന് സൈപ്രസ് പ്രസിഡന്റ് നൈകോസ് അനസ്താസിയാഡസ് നേരത്തെ വ്യക്തമാക്കിയിരുന്നു.