ന്യൂഡല്‍ഹി: കുട്ടികളെ സംരക്ഷിക്കാത്ത മാതാപിതാക്ക ള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. എന്നാല്‍ നോര്‍വെയില്‍ ഈ അടുത്ത കാലത്ത് ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെയുണ്ടായ നടപടി വിവാദത്തിലാവുകയാണ്.
ഓസ്ലോയില്‍ താമസിക്കുന്ന അനില്‍ കുമാറിനും കുടുംബത്തിനുമാണ് നോര്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം ഉണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നകാര്യത്തില്‍ കടുത്ത നിയമങ്ങളുള്ള നോര്‍വേയില്‍ അടുത്തകാലത്ത് കുടുങ്ങുന്ന മൂന്നാമത്തെ കുടുംബമാണിത്.
കൊച്ചു കുട്ടികളെ ഇത്തരത്തില്‍ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അധികൃതര്‍ കൊണ്ടുപോകുന്ന പ്രവണത ഏറെയുള്ള നോര്‍വേയില്‍ രാജ്യാന്തര തലത്തില്‍ തന്നെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലേയും ദമ്പതിമാര്‍ക്കും ഇത്തരം അനുഭവമുണ്ടായതോടെ സര്‍ക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നാരോപിച്ച് ജനം കൂട്ടത്തോടെ നോര്‍വേയില്‍ തെരുവിലിറങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സംഭവത്തെപറ്റി അനില്‍ കുമാര്‍ പറയുന്നത്. ഇങ്ങനെ: നോര്‍വെയിലെ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ കുഞ്ഞിനെ അവന്‍ പഠിക്കുന്ന കിന്റര്‍ഗാര്‍ട്ടനിലെത്തി കൊണ്ടുപോകുകയായിരുന്നു. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയ ഡിസംബര്‍ 13ന് രാവിലെ കൊണ്ടുപോയത്. പത്തുമണിയോടെ രണ്ടു പൊലീസുകാര്‍ വീട്ടിലെത്തി എന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു രണ്ടേമുക്കാല്‍ വരെ അവര്‍ ഭാര്യയെ ചോദ്യംചെയ്തു. – നോര്‍വേയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് നടത്തുന്ന, ഓസ്ലോയിലെ ബിജെപി ഓവര്‍സീസ് സൗഹൃദ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുകൂടിയായ അനില്‍ പറയുന്നു.
സ്‌കൂളില്‍ നിന്ന് കുഞ്ഞിനെ അവര്‍ ഓസ്ലോയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹാമറിലെ വെല്‍ഫെയര്‍ ഹോമിലേക്കാണ് കൊണ്ടുപോയത്. ഇതിന്റെ കാരണം തിരക്കിയപ്പോഴാണ് തങ്ങള്‍ കുഞ്ഞിനെ തല്ലിയെന്നും അതിനാലാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നും പറഞ്ഞത്- പഞ്ചാബില്‍ നിന്ന് നോര്‍വേയിലേക്ക് 26 വര്‍ഷം മുമ്പ് കുടിയേറിയ അനില്‍ കുമാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കേന്ദ്രസഹായംതേടി അനിലും പത്നി ഗുര്‍വിന്ദര്‍ജിത് കൗറും ഡല്‍ഹിയില്‍ ബിജെപി നേതാക്കളുടെ അടുത്തെത്തുകയായിരുന്നു.
കുഞ്ഞിനെ കിന്റര്‍ഗാര്‍ട്ടനില്‍ നിന്ന് കൊണ്ടുപോയ ശേഷം ഒന്നര മണിക്കൂറോളം അവര്‍ ചോദ്യം ചെയ്തതായും ഇതിന്റെ വീഡിയോ കാണിച്ചതായും ദമ്പതികള്‍ പറയുന്നു. വീട്ടില്‍വച്ച് അച്ഛനമ്മമാര്‍ ഉച്ചത്തില്‍ സംസാരിക്കാറുണ്ടോ എന്നും തല്ലാറുണ്ടോ എന്നും ചോദിക്കുന്നതിന് ഇല്ലെന്നാണ് കുട്ടി മറുപടി നല്‍കുന്നത്. മുത്തച്ഛന്‍ അടിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ കുട്ടിക്ക് ദേഷ്യംവരുന്നതും കാണാം. – കുമാര്‍ പറയുന്നു. ചോദ്യംചെയ്യലിനു ശേഷം കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. വീണ്ടും കുഞ്ഞിനെ തിരിച്ചെത്തിച്ച ശേഷം ചോദ്യംചെയ്തപ്പോള്‍ കുഞ്ഞ് മാതാപിതാക്കള്‍ മര്‍ദ്ദിച്ചതായി പറഞ്ഞെന്നാണ് നോര്‍വേ അധികൃതര്‍ ഇപ്പോള്‍ വാദിക്കുന്നത്.
ഇതിനുശേഷം ഏഴുദിവസത്തിനു ശേഷം തിങ്കളാഴ്ച ദമ്പതികള്‍ വെല്‍ഫെയര്‍ ഹോമിലെത്തിയാണ് കുഞ്ഞിനെ കണ്ടത്. ഒരാഴ്ച മുമ്പ് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇട്ടിരുന്ന അതേ വസ്ത്രങ്ങളും ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. അടിവസ്ത്രംപോലും മാറ്റിക്കൊടുത്തിരുന്നില്ല. ശിശുക്ഷേമ വകുപ്പുകാര്‍ കുട്ടിയെ വേണ്ടവിധത്തില്‍ പരിപാലിച്ചില്ലെന്നും മനസ്സിലായി. ഞങ്ങളെ കണ്ടപാടെ കുഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അവന്‍ ഞങ്ങളുടെ കുഞ്ഞല്ലേ… ഞങ്ങളെന്തിന് അവനെ പീഡിപ്പിക്കണം… അനില്‍ ചോദിക്കുന്നു.
കുഞ്ഞ് വളരെ ആക്റ്റീവ് ആണെന്നും ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും അനില്‍ പറയുന്നു. അവന് ഇന്ത്യന്‍ ഭക്ഷണമാണ് ഇഷ്ടം. പക്ഷേ, ശുശുക്ഷേമ വകുപ്പുകാര്‍ അവന് കൊടുത്തത് അവന് തീരെ ഇഷ്ടമില്ലാത്ത ബ്രഡും പോറിഡ്ജുമൊക്കെയാണ്. അവന്‍ ഭക്ഷണമൊന്നും കഴിച്ചില്ലെന്നും മനസ്സിലായി. – അനില്‍ പറയുന്നു.
അവനെതിരെ ഉച്ചത്തില്‍ എന്തെങ്കിലും പറയുകപോലും ഉണ്ടായിട്ടില്ലെന്നും പിന്നെയല്ലേ അവനെ തല്ലുന്നതെന്നുമാണ് ദമ്പതിമാരുടെ വാദം. ഞങ്ങള്‍ അവനെ നന്നായി നോക്കുന്നില്ലെന്ന് പറഞ്ഞ് അവനെ നോര്‍വേ സര്‍ക്കാരാണ് പീഡിപ്പിക്കുന്നതെന്നും ദമ്പതികള്‍ ആരോപിക്കുന്നു. കുഞ്ഞിനെ ഇങ്ങനെ കൊണ്ടുപോയത് അവന്റെ എണ്‍പതുകാരനായ മുത്തച്ഛനെ ഏറെ തളര്‍ത്തിയിരിക്കുകയാണ്. അദ്ദേഹം ഭക്ഷണം പോലും കഴിക്കുന്നില്ല. നോര്‍വേ സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ഭയമുണ്ടാക്കുന്നതായും ഞങ്ങളുടെ കുഞ്ഞിനെ അവര്‍ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തിരിക്കുന്നതെന്നും അനിലും ഭാര്യയും പറയുന്നു.
ഡിസംബര്‍ 14, 15 തീയതികളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ഒരു തെളിവും ഞങ്ങള്‍ക്കെതിരെ നല്‍കാന്‍ കഴിഞ്ഞില്ല. ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് മാത്രമാണ് പറയുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ആരാണ് പരാതി നല്‍കിയതെങ്കിലും അവനോ അവളോ ഞങ്ങളുടെ കുടുംബത്തോട് പ്രതികാരം ചെയ്യുകയാണെന്നാണ് കരുതേണ്ടത്. 2011ലും 12ലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിലെല്ലാം കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും പൊള്ളിച്ച പാടുമെല്ലാം കണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങള്‍ ദ്രോഹിച്ചിട്ടേയില്ലെന്ന് വ്യക്തമായിട്ടും അവര്‍ പകതീര്‍ക്കുകയാണ്
നോര്‍വേയിലെ നിയമം പാലിച്ച് ജീവിക്കുന്ന പൗരന്മാരാണ് ഞങ്ങള്‍. ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും ഞങ്ങള്‍ വലിയ വില നല്‍കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കണം – അനില്‍ അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടുമെന്ന് ഇന്ത്യയിലെ നോര്‍വീജിയന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തിനിലെ സമാനമായ മൂന്നാമത്തെ കേസാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കെതിരെ നോര്‍വേയില്‍ ഉണ്ടായിരിക്കുന്നത്.
2011ല്‍ മൂന്നുവയസ്സുകാരനെ ഇത്തരത്തില്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. പിന്നീട് കോടതി കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. 2013ല്‍ മറ്റൊരു സംഭവത്തില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ചന്ദ്രശേഖര്‍, അനുപമ ദമ്പതിമാര്‍ക്ക് യഥാക്രമം പതിനെട്ടും പതിനഞ്ചും മാസത്തെ ജയില്‍ശിക്ഷ നല്‍കിയ കോടതി ഏഴും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഹൈദരാബാദിലെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അയക്കുകയും ചെയ്തു.