കൊച്ചി: ബലാൽസംഗ കേസിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളിയുടെ വസ്ത്രങ്ങളും മദ്യക്കുപ്പികളും പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇപ്പോഴിതാ എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസുകാരുടെ മൊഴിയും എത്തിയിരിക്കുകയാണ്.
എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്ന യുവതിയുടെ പരാതിയിലാണ് പൊലീസുകാരുടെ മൊഴി എം എല്‍ എയ്ക്ക് കുരുക്കാവുന്നത്. സെപ്തംബര്‍ 14 ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് എം എല്‍ എ മര്‍ദ്ദിച്ചുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിലാണ് കോവളം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയിരിക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കാകുന്ന മൊഴിയാണ് രണ്ട് പൊലീസുകാരും നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് എം എല്‍ എ മര്‍ദ്ദിച്ചപ്പോള്‍ യുവതി ബഹളം വെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ രണ്ട് പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. അന്ന് ഒപ്പമുള്ളത് ഭാര്യയാണ് എന്ന് പറഞ്ഞ് പൊലീസുകാരെ എല്‍ദോസ് കുന്നപ്പിള്ളി മടക്കി അയക്കുകയായിരുന്നു.
ഈ കാര്യം പൊലീസുകാര്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗക്കേസില്‍ മൊഴിയായി ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുകയാണ്. ബലാത്സംഗത്തിന് പുറമെ വധശ്രമത്തിനും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
ഇന്ന് പരാതിക്കാരിയുമായി അന്വേഷണ സംഘം പെരുമ്പാവൂരില്‍ പോയി തെളിവെടുപ്പ് നടത്തിയേക്കും എന്നാണ് വിവരം. എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെയുള്ള വകുപ്പുകളും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത്. കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേരളത്തില്‍ യു ഡി എഫ് കനത്ത പ്രതിരോധത്തിലായ കേസാണ് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്ക് എതിരായ ബലാത്സംഗ കേസ്. പരാതി പുറത്ത് വന്നത് മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്. കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ പാര്‍ട്ടി നടപടി എടുക്കും എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് പ്രതികൂലമാകുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.