
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് നിഷ്പക്ഷവും നീതിയുക്തവുമായി അന്വേഷണം പൂർത്തിയാക്കി ജൂലൈ 5 ന് റിപ്പോർട്ട് സമർപ്പിക്കാൻ മേഖല സമിതികൾക്ക് നിർദ്ദേശം നൽകിയതായി കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം പഠിക്കുന്നതിനായി കെ.പി.സി.സി എക്സിക്യൂട്ടീവ് നിയോഗിച്ച നാല് മേഖല സമിതി അംഗങ്ങളുടെ പ്രഥമയോഗം ഇന്ദിരാഭവനിൽ യോഗംചേർന്ന ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.
പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടോയെന്ന് സമിതികൾ പരിശോധിക്കും. കാലതാമസം കൂടാതെ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ സമിതികൾക്ക് നിർദ്ദേശം നൽകി.സമിതി കൺവീനർമാർ ജില്ലകളിലെ ഡി.സി.സി അധ്യക്ഷൻമാരുമായി ചർച്ച നടത്തി സ്ഥലവും തീയതിയും സമയവും നിശ്ചയിച്ചതിന് ശേഷമായിരിക്കും സിറ്റിംഗ് നടത്തുന്നത്. മേഖല സമിതിയുടെ റിപ്പോർട്ട് ഹൈക്കമാന്റിന് കൈമാറും. പരാജയം പഠിക്കാൻ മുമ്പ് നിശ്ചയിച്ചിട്ടുള്ള കമ്മീഷനുകളുടെ റിപ്പോർട്ട് സംബന്ധിച്ച് നിലനിൽക്കുന്ന ആക്ഷേപം കണക്കിലെടുത്ത് ഈ മേഖല സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുധീരൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാതികൾ പരിശോധിക്കുന്നതിനായി കൺവീനർ ഉൾപ്പടെ മൂന്ന് അംഗങ്ങളുള്ള നാല് മേഖലസമിതിക്കാണ് കെ.പി.സി.സി എക്സിക്യൂട്ടീവ് നിയമിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കെ.പി.സി.സി ട്രഷറർ അഡ്വ. ജോൺസൺ എബ്രഹാം കൺവീനറായും അഡ്വ. ബാബു പ്രസാദ്, ജെയ്സൺ ജോസഫ് അംഗങ്ങളുമായ സമിതിയാണ്.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഭാരതീപുരം ശശി കൺവീനറും എൻ.വേണുഗോപാൽ,അഡ്വ.ബിന്ദുകൃഷ്ണ എന്നിവർ അംഗങ്ങളും.
പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അഡ്വ. സജീവ് ജോസഫ് കൺവീനറും പ്രൊഫ. ജി. ബാലചന്ദ്രൻ, അബ്ദുൾ മുത്തലിബ് അംഗങ്ങളുമാണ്.
വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വി.എ. നാരായണൻ കൺവീനറും അഡ്വ. കെ.പി. അനിൽ കുമാർ, വി.വി. പ്രകാശ് എന്നിവർ സമിതിയിലെ അംഗങ്ങളുമാണ്.