എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ പ്രവര്‍ത്തകന്റെ ബൈക്കില്‍ നിന്നും വടിവാള്‍ വീണസംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇതിലൂടെ കോണ്‍ഗ്രസ് കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഎം. ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ പുലാപ്പറ്റ ബൂത്തുതല സ്വീകരണത്തിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഷാജി ഹുസൈന്റെ സ്‌കൂട്ടറില്‍ നിന്ന് വടിവാള്‍ റോഡില്‍ വീണത്.
ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മാരകായുധങ്ങളുമായുള്ള സംഘം എംബി രാജേഷിനൊപ്പം എന്നതായിരുന്നു പ്രചാരണം. എന്നാല്‍ ഇത് വടിവാളല്ല കര്‍ഷകര്‍ ഉപയോഗിക്കന്ന കൊടുവാളാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.
കോണിക്കഴിയിലെ വാഴക്കര്‍ഷകനായ മമ്പുറം വീട്ടില്‍ ഷാജി ഹുസൈന്‍ തോട്ടത്തില്‍നിന്ന് വാഴക്കുല വെട്ടി തൊട്ടടുത്ത പച്ചക്കറിക്കടയില്‍ കൊടുത്തശേഷം കൊടുവാള്‍(മടാള്‍)സ്‌കൂട്ടിയുടെ മുന്‍ഭാഗത്തുവച്ച് സ്വീകരണസ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്ഥാനാര്‍ത്ഥിയുടെ സംഘവുമായി ചേര്‍ന്നതാണെന്നും സിപിഎം വാദിക്കുന്നു.
മാരകായുധങ്ങളുമായി കലാപമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപിച്ചാണ് കര്‍ഷകസമൂഹത്തെയാകെ അപമാനിക്കുംവിധം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് സിപിഎമ്മിന്റെ വാദം. ആരോപണ വിധേയനായ ഷാജി ഹുസൈന്‍ കര്‍ഷകനാണെന്നും അദ്ദേഹത്തിന്റെ പേരില്‍ നാളിതുവരെ പെറ്റികേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.
എന്നാല്‍ പരാതി കിട്ടിയതിനാല്‍ സംഭവം പോലീസ് അന്വേഷിക്കുകയും കര്‍ഷകന്റെയും പച്ചക്കറിവ്യാപാരിയുടെയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.