ന്യൂഡല്‍ഹി : പൊതുമുതലും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചു രാഷ്ട്രീയ പ്രചാരണം പാടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍. ബിഎസ്പി യുപിയില്‍ അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇക്കാര്യത്തില്‍ ലഭിച്ച പരാതി ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. പൊതുസ്ഥലങ്ങളില്‍ ചില പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതു മത്സരതുല്യത ഇല്ലാതാക്കുമെന്നു കാട്ടി ഒരു സന്നദ്ധസംഘടനയാണു കോടതിയെ സമീപിച്ചത്.
പൊതുമുതല്‍ ഉപയോഗിച്ചു സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മുന്‍ ബിഎസ്പി സര്‍ക്കാര്‍ പാര്‍ക്കുകള്‍ നിര്‍മിച്ചിരുന്നു. ആനപ്രതിമകളായിരുന്നു പാര്‍ക്കുകളിലെ മുഖ്യ ആകര്‍ഷണം. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും പ്രതിമകളും പാര്‍ക്കുകളില്‍ ഇടം കണ്ടു. നൂറേക്കര്‍ വിസ്തൃതിയുള്ളതായിരുന്നു ലക്നൗവിലെ പാര്‍ക്ക്. നോയിഡയിലേതു 33 ഏക്കറും. ഇതിനെതിരെ ഉയര്‍ന്ന പരാതികള്‍ ബിഎസ്പി അവഗണിക്കുകയും ചെയ്തു. നിര്‍ദേശം ലംഘിക്കുന്നതു ശിക്ഷാര്‍ഹമായ കുറ്റമാണെന്നു കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമറിഞ്ഞശേഷമാണു നിര്‍ദേശം പുറപ്പെടുവിച്ചത്.
മിക്കവാറും പാര്‍ട്ടികള്‍ കമ്മിഷന്റെ നിലപാടിനോടു യോജിച്ചു. ഇതിനിടെ, യുപിയില്‍ ഇപ്പോഴത്തെ ഭരണകക്ഷിയായ എസ്പിയും തിരഞ്ഞെടുപ്പു ചിഹ്നമായ സൈക്കിളിനു ബുദ്ധിപൂര്‍വം പ്രചാരം നല്‍കുന്നുണ്ട്. പ്രധാന റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിച്ചുകൊണ്ടാണിത്. സൈക്കിള്‍ ചിഹ്നത്തോടെ ദിശാസൂചികകളും വേണ്ടത്ര സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ആനപ്പാര്‍ക്കുകളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ കമ്മിഷന് എളുപ്പമാവില്ല.