സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം മാർച്ച് ആദ്യവാരമുണ്ടായേക്കുമെന്നു സൂചന. രണ്ടോ മൂന്നോ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരമാവും നടക്കുക. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരും മുൻപ് ഉദ്ഘാടന മാമാങ്കം നടത്തി അഴിമതിക്കറകൾ മാറ്റുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ലക്ഷ്്യമിടുന്നത്.
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഒരുക്കങ്ങളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷൻ പൂർത്തിയാക്കി കഴിഞ്ഞു. വോട്ടർപട്ടികയിൽ അമിതമായി പേരുകൾ കടന്നു കൂടിയതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു ഈ പേരുകളെല്ലാം വെട്ടിമാറ്റി പൂർത്തിയാക്കിയ പട്ടികയുമായാണ് കമ്മിഷൻ ഒരുങ്ങുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് തിരഞ്ഞെടുപ്പു നടത്തേണ്ട തീയതി സംബന്ധിച്ചു ആഭിപ്രായം സ്വരൂപിച്ചിരുന്നു. കോൺഗ്രസ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ വോട്ടെടുപ്പ് മെയ് ആദ്യ വാരം മതിയെന്നു അഭിപ്രായപ്പെട്ടപ്പോൾ, വോട്ടെടുപ്പ് ഏപ്രിലിൽ തന്നെ വേണമെന്നാണ് ഇടതു കക്ഷികൾ അഭിപ്രായപ്പെട്ടത്.
തിരഞ്ഞെടുപ്പു നടത്തുന്നതിനു മുന്നോടിയായി എല്ലാ ജില്ലാ ഭരണകൂടങ്ങളിൽ നിന്നും പൊലീസിൽ നിന്നു സാധ്യതാ റിപ്പോർട്ടുകൾ കമ്മിഷൻ തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ഇവിടെ നടക്കുന്ന ഉത്സവങ്ങൾ, ആഘോഷങ്ങൾ സംഘർഷ സാധ്യതകൾ എന്നിവ അടക്കമുള്ള റിപ്പോർട്ടാണ് തേടിയിരിക്കുന്നത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവും ഇവിടെ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി സ്വീകരിക്കുന്നത്.
കണ്ണൂർ കോഴിക്കോട് ജില്ലകളിൽ സംഘർഷ സാധ്യതയുണ്ടാകും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കണ്ണൂർ കാസർകോട് കോഴിക്കോട് ജില്ലകളിൽ ഒരു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തുന്നതിനു കമ്മിഷൻ ആലോചിക്കുന്നത്. ഉദ്യോഗസ്ഥരുടെ വിന്യാസവും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പു മൂന്നു ഘട്ടമായി നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ, സിപിഎം അടക്കമുള്ള കക്ഷികൾ ഒറ്റഘട്ടമായി തന്നെ നടത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്.