തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതിയുടെ താക്കീത് :തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടത് കമീഷനെന്നും കോടതി

കൊച്ചി:തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടത് കമീഷനാണെന്ന് കേരള ഹൈക്കോടതി. ഉത്തരവാദിത്തം ഏല്‍പിച്ചിട്ടും അത് എറ്റെടുക്കാതെ നില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെ നിഹൈകോടതി താക്കീത് നല്‍കുകയും ചെയ്തു.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഇടപെടില്ലെന്നും ഹൈകോടതി . ഇക്കാര്യം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്‍ ആണെന്ന് ആവര്‍ത്തിച്ച കോടതി സര്‍ക്കാറിന്‍െറ അപേക്ഷ തള്ളി. തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളിലായി നടത്തണമെന്ന് തീരുമാനിക്കേണ്ടതും കമീഷനാണ്. കമീഷന് പൂര്‍ണ സ്വതന്ത്ര്യം നല്‍കിയ ഹൈകോടതി തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണം എന്ന് തീരുമാനിക്കേണ്ടത് തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ളെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് കോടതി നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച് ഇടക്കാല വിധിയും പുറപ്പെടുവിച്ചിരുന്നു. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനും പുതിയ 28 മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുമുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷന് അന്ന് കോടതി നല്‍കിയിരുന്നു. ആ നിലപാടില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ളെന്ന് വീണ്ടും ഹൈകോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ ഒന്നിനകം പുതിയ ഭരണസമിതികള്‍ നിലവില്‍ വരാനാവുന്ന വിധം തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നതായും സര്‍ക്കാറുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും കമീഷന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കമീഷന് പൂര്‍ണ സ്വാതന്ത്യം കൊടുത്തിട്ടും ഉദാരമായ നിലപാട് സ്വീകരിക്കുന്നതില്‍ കോടതിക്ക് അതൃപ്തിയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് നടപടി വൈകിയതിന് തങ്ങള്‍ ഉത്തരവാദിയല്ളെന്നും കമീഷന്‍ സെക്രട്ടറി പി. ഗീത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2010ലെ പട്ടികയനുസരിച്ച് നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന വിധം തെരഞ്ഞെടുപ്പ് നടത്താമെന്ന് നേരത്തേ സത്യവാങ്മൂലം നല്‍കിയതായി കമീഷന്‍ വ്യക്തമാക്കി. എന്നാല്‍, ഇത് പ്രായോഗികമല്ളെ ന്ന് സര്‍ക്കാറും ചൂണ്ടിക്കാട്ടിയിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ ഒരുമാസം വൈകി മാത്രമേ പൂര്‍ത്തിയാക്കാനാകൂവെന്നും ഇതിന് കോടതി അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് ഡിവിഷന്‍ ബെഞ്ച് നേരത്തേ പരിഗണിച്ചത്. പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീലിന്‍െറ ഭാഗമായാണ് തെരഞ്ഞെടുപ്പിന് ഒരുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് സത്യവാങ്മൂലം നല്‍കിയത്.

Top