കരടു സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കാനുള്ള നടപടികളും തുടങ്ങി.
പത്തനംതിട്ട :കേരളം അടക്കമുള്ള മൂന്നു സംസ്‌ഥാനങ്ങളിലെ സാഹചര്യം മനസിലാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വകാര്യ ഏജന്‍സിയെ സര്‍വേയ്‌ക്ക് നിയോഗിച്ചു.കേരളത്തില്‍ സംസ്‌ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ സര്‍വേ നീക്കത്തോടു ശക്‌തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും കെ.പി.സി.സി. പ്രസിഡന്റിനു യോജിപ്പാണ്. കഴിഞ്ഞ സര്‍വേയിലെ കണ്ടെത്തല്‍ തെറ്റാണെന്നു തെരഞ്ഞെടുപ്പുഫലം വ്യക്‌തമാക്കിയെന്ന് ചൂണ്ടിക്കാട്ടി പുതിയ സര്‍വേ നീക്കത്തെ ചെറുക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്‌ഥാനങ്ങളിലെ കരടു സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. സിറ്റിങ് എം.എല്‍.എമാരുടെ പ്രവര്‍ത്തനമാകും സര്‍വേ പ്രധാനമായും വിലയിരുത്തുക. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍ എന്നീ സംസ്‌ഥാനങ്ങള്‍ക്കൊപ്പം പുതുച്ചേരിയിലെയും സാഹചര്യങ്ങളാകും സര്‍വേയില്‍ പരിശോധിക്കുക.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി എല്ലാ സംസ്‌ഥാനങ്ങളിലും സര്‍വേ നടന്നിരുന്നു. അതേ എജന്‍സിക്കാണ് ഇത്തവണയും ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏജന്‍സിയുടെ പേര് വെളിപ്പെടുത്താന്‍ നേതൃത്വം തയാറായിട്ടില്ല. കഴിഞ്ഞ സര്‍വേയില്‍ ആറ് എം.പിമാര്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദങ്ങള്‍ക്കും കാരണമായി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്‌ത് ഉന്നതരെ സ്വാധീനിച്ചാണ് വിശ്വസ്‌തരുടെ സീറ്റ് ഉറപ്പിച്ചത്.
സംസ്‌ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ്. ഭരണത്തെപ്പറ്റിയുള്ള പൊതു ധാരണ സര്‍വേ പരിശോധിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയം, സോളാര്‍, ബാര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ പാളിച്ച, ഇത്തരം വിവാദ സംഭവങ്ങള്‍ ഏതൊക്കെ ജനപ്രതിനിധികളെയും മന്ത്രിമാരെയും പ്രതികൂലമായി ബാധിക്കും, വികസന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചു, മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ പ്രവര്‍ത്തനരീതി, ജനപ്രതിനിധികളെപ്പറ്റി ജനങ്ങള്‍ക്കുള്ള അഭിപ്രായം എന്നിവ സര്‍വേ വിലയിരുത്തും. നിലവിലുള്ള എം.എല്‍.എമാരുടെ പ്രവര്‍ത്തനമികവിനോടൊപ്പം സംസ്‌ഥാനത്തെ ഒരോ മണ്ഡലത്തിലെയും യുക്‌തനായ സ്‌ഥാനാര്‍ത്ഥി ആരെന്ന കണ്ടെത്തലും സര്‍വേയുടെ ഭാഗമായി നടക്കും.
രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനായ മോഹന്‍ ഗോപാല്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സി.പി. ജോഷി മുതലായവരുടെ മേല്‍നോട്ടത്തില്‍ ഒരു മാസത്തിനുള്ളില്‍ നാലു സംസ്‌ഥാനങ്ങളിലും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കേരളത്തിലെ സര്‍വേ അനുബന്ധപ്രവര്‍ത്തനങ്ങള്‍ സംസ്‌ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപക് ബാബറിയ എകോപിപ്പിക്കും.