തെരഞ്ഞെടുപ്പില്‍ താരത്തിളക്കം: സൂപ്പര്‍താരങ്ങള്‍ കളം നിറയ്ക്കുമോ?

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് താരങ്ങളാല്‍ തിളങ്ങും. ബിജെപി എംപിയായ സുരേഷ് ഗോപി മാത്രമല്ല സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും വരെ ഗോദയിലിറങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നില്‍ക്കാമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം. മോഹന്‍ലാലിനെ മുന്നിലിറക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ മറുപടിയായി എറണാകുളം സീറ്റില്‍ മമ്മൂട്ടിയെ നിര്‍ത്താനാണ് സിപിഎം ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് മോഹന്‍ലാല്‍ ബിജെപിയിലേക്കെന്നും മത്സര രംഗത്തേക്കുമെന്നുമുള്ള വാര്‍ത്തകള്‍ വന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞുവെങ്കിലും ബിജെപി പഠിച്ച പണി പതിനെട്ടും നോക്കി അദ്ദേഹത്തെ കളത്തിലിറക്കുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കുമെന്ന പ്രചാരണവും ശക്തം. എന്നാല്‍ ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയിലിരിക്കുന്നയാളെ രാജിവയ്പിച്ചു ദിവസങ്ങള്‍ക്കകം സ്ഥാനാര്‍ഥിയാക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുക്കേണ്ടി വരും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണു തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു തീരുമാനിക്കേണ്ടത്. അവര്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്കു സിപിഎം കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ബലപ്പെടുത്തുന്നത്. എറണാകുളത്തു പറ്റിയ ആള്‍ക്കു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്താത്തതും മമ്മൂട്ടിയായിക്കൂടേയെന്ന ചോദ്യത്തിലേക്കു വരുന്നു. ചാലക്കുടി എംപിയായ ഇന്നസന്റ് വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണ്. താരശോഭ പകരാന്‍ അപ്പോള്‍ ഇടതുപട്ടികയില്‍ മമ്മൂട്ടി വരുമോയെന്നതാണു ചോദ്യം.

Top