ന്യൂഡല്‍ഹി: 2030 ആകുമ്പോഴേക്കും രാജ്യത്ത് വൈദ്യുത കാറുകള്‍ വ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇറക്കുമതി, വാഹനച്ചെലവ് ഇവ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. 2030ല്‍ പെട്രോള്‍ വില്‍പ്പന പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. വിപണിയില്‍ വൈദ്യുത കാറുകള്‍ സ്ഥിരത കൈവരിക്കുന്നതു വരെ മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കും. സര്‍ക്കാര്‍ സഹായത്തോടെയാണ് മാരുതി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായത്. വൈദ്യുതി കാറുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് നീതി ആയോഗും പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.