ജീവനക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തരം വിരമിക്കലുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലോ പ്രൈവറ്റ് കമ്പനികളില്‍ നിന്നോ ഉള്ളവയായിരിക്കും. അത്തരത്തില്‍ ഉള്ള വിരമിക്കലുകളാണ് നമുക്ക് പരിചയമുള്ളത്. എന്നാല്‍ ഇതാ വ്യത്യസ്ഥമായ ഒരു വിരമിക്കല്‍ കാസറഗോഡ് ചെറുവത്തൂരില്‍ നിന്നും. വര്‍ഷങ്ങളായി വീടുകളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്ത് വന്ന മയിച്ചയിലെ കെ.എം.ഭാസ്‌കരനാണ് വയസ്സ് 55 പിന്നിട്ടെന്ന കാരണത്താല്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പണിയെടുക്കുന്ന വേളയില്‍ ഉപയോഗിച്ചിരുന്ന, വൈദ്യുതീകരണ ജോലികള്‍ക്കായി ആളുകള്‍ വിളിച്ചിരുന്ന മൊബൈല്‍ സിം കാര്‍ഡ് പുഴയിലൊഴുക്കിയാണ് ഭാസ്‌കരന്‍ വിശ്രമ ജീവിതത്തിലേക്കു തിരിഞ്ഞത്. ചെറുവത്തൂരിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ ഭാസ്‌കരന്റെ കീഴില്‍ ഒട്ടേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തൊഴിലിനോടൊപ്പം വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ സേവനം പോലെ നല്‍കുന്ന ഭാസ്‌കരന്‍ മൂന്നു പതിറ്റാണ്ടായി ഈ രംഗത്തുണ്ട്.
മയിച്ചയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അംഗിതയ്ക്ക് നടന്‍ സുരേഷ് ഗോപി വീടു നിര്‍മിച്ചു നല്‍കിയപ്പോള്‍ സൗജന്യമായി വീടിന്റെ വൈദ്യുതീകരണം നടത്തിയതു ഭാസ്‌കരനായിരുന്നു. ഇതിനു സുരേഷ്‌ഗോപി അനുമോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസ് പോലെ തന്നെയാണ് സ്വകാര്യമേഖലയിലെ തൊഴിലും എന്നു വിശ്വസിക്കുന്നതിനാലാണ് സ്വയം വിരമിക്കലെന്നാണ് ഭാസ്‌കരന്റെ പക്ഷം.
നാളിതു വരെ ബന്ധപ്പെട്ടിരുന്ന വൈദ്യുതി മേഖലയിലെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഭാസ്‌കന്റെ വിരമിക്കല്‍ ചടങ്ങിന് ആശംസ നേര്‍ന്നു. ജോലി ചെയ്യുന്ന വേളയില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് കാര്യങ്കോട് പുഴയില്‍ ആഘോഷമായി ഒഴുക്കിയതോടെ ചടങ്ങ് പൂര്‍ത്തിയായി. തൊഴിലില്‍ നിന്നു വിരമിച്ചെങ്കിലും സാധാരണക്കാരായ ആളുകള്‍ക്ക് ഈ രംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് ഭാസ്‌കരന്‍ പറഞ്ഞു.