രാജകുമാരി: ബി.എൽ റാമിൽ വീണ്ടും കാട്ടാനയാക്രമണം. യുവതിയും 5 വയസുള്ള മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച്ച പുലർച്ചെ ഒന്നിനാണ് ബി.എൽ റാം സ്വദേശി ശിവകുമാറിന്റെ വീടിന്റെ ഭിത്തിയും ജനലും അരി കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ തകർത്തത്. ശിവകുമാറിന്റെ ഭാര്യ രാജേശ്വരി, മകൾ കോകില എന്നിവർ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നുറങ്ങിയ മുറിയുടെ ഭിത്തിയാണ് ഒറ്റയാൻ കുത്തിമറിച്ചത്.
ഭിത്തിയുടെ ഭാഗങ്ങൾ വീണ് രാജേശ്വരിയുടെ ദേഹത്ത് പരുക്കേറ്റു. രാത്രിയിൽ ഭിത്തി ഇടിഞ്ഞ് കട്ടിലിലേക്ക് വീണതോടെ രാജേശ്വരി മകളെ കട്ടിലിൽ നിന്നും തള്ളി മാറ്റി. ഭയന്നുവിറച്ച കോകില നിലവിളിച്ച് അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെട്ടു. മകളുടെ പുറകെ രാജേശ്വരിയും മുറിയിൽനിന്ന് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഭിത്തി വീണ് ഇവർ കിടന്ന കട്ടിൽ ഒടിഞ്ഞു.
സമീപത്തുണ്ടായിരുന്ന ടിവിയും തകർന്നു. നാട്ടുകാർ സംഘടിച്ചെത്തിയാണ് ഒറ്റയാനെ ഇവിടെനിന്ന് തുരത്തിയത്. പരുക്കേറ്റ രാജേശ്വരി നെടുങ്കണ്ടം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാജേശ്വരിയുടെ ഭർത്താവ് പെയിന്റിങ് തൊഴിലാഴിയായ ശിവകുമാർ ഒരാഴ്ചയിലധികമായി തമിഴ്നാട്ടിൽ ജോലിക്ക് പോയതാണ്.