ഒറ്റപ്പാലം: ആനപാപ്പാന്മാരിലെ അഗ്രഗണ്യൻ തലയോലപ്പറമ്പ് സ്വാദേശി സന്തോഷ്(45)ആണ് ശനിയാഴ്ച രാത്രി ചേർത്തലയിലെ ഉത്സവത്തിനിടെയാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.നിരന്തരം ഉത്സവപ്പറമ്പുകളെ വിറപ്പിച്ചതിന്റെ പേരിൽ ബന്ധനസ്ഥനായ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന കൊമ്പനെ അഴിച്ചു വഴിനടത്താനായിരുന്നു ഒന്നര വര്ഷം മുൻപ് സന്തോഷ് തൃശ്ശൂരിലേക്ക് യാത്ര തിരിച്ചത്. ‘അവന് വെള്ളവും തീറ്റയും കൊടുക്കാൻ പോലും ആരുമില്ലത്രെ. മുതലാളി വിളിച്ചിരുന്നു. അവനെ നന്നാക്കാൻ പറ്റുമോ നോക്കട്ടെ….’ ചുരുങ്ങിയ വാക്കുകളിൽ വിശേഷങ്ങൾ പങ്കുവച്ച് ആനപ്പാപ്പാൻമാരിലെ അഗ്രഗണ്യൻ ബസ് കയറി.പൂരം മുടക്കി എന്ന ചീത്തപേരു പഴങ്കഥയാക്കി പഴയ പ്രതാപത്തോടെ ഉത്സവ പറമ്പുകളിൽ തിരിച്ചെത്തിയ അതേ ആനയ്ക്കു മുൻപിൽ തന്നെ ഒടുവിൽ, സന്തോഷിന്റെ ജീവൻ പൊലിഞ്ഞു.
2015ൽ തൂതയിലെ പൂരത്തിനിടെ ഒന്നാം പാപ്പാനെ കുത്തിപ്പരുക്കേൽപ്പിച്ച വിഷ്ണുശങ്കറിനെ മറ്റു ചില പാപ്പാൻമാർ ചേർന്നു തളച്ചു തൃശൂരിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചെങ്കിലും മദപ്പാടു കഴിഞ്ഞു തൊട്ടടുത്ത ഉത്സവകാലത്ത് അഴിക്കാൻ അനുയോജ്യനായ ആളില്ലായിരുന്നു. ചിറയ്ക്കൽ കാളിദാസൻ എന്ന കൊമ്പനിൽ നിന്നു ചുമതലയൊഴിഞ്ഞിരുന്ന സന്തോഷ്, വിഷ്ണുശങ്കറിന്റെ പരിപാലനം ഏറ്റെടുത്തു. ചിട്ടയായ പരിപാലനത്തിലൂടെ നല്ലനടപ്പിന്റെ പാതയിൽ കഴിഞ്ഞ ഉത്സവകാലം ഭംഗിയായി പൂർത്തിയാക്കിയ വിഷ്ണുശങ്കർ ഈ വർഷം പഴയപ്രതാപത്തിലേക്കു തിരിച്ചെത്തി.
സ്വഭാവഗുണവും ചിട്ടകളും മാനദണ്ഡമാക്കുന്ന ആറാട്ടുപുഴ പൂരത്തിലും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനും തിടമ്പേറ്റാനായത് ഇതിനുള്ള അംഗീകാരമായി. ഈ ഉത്സവകാലവും പൂർത്തിയാകാനിരിക്കെയാണു ദുരന്തം. തൊഴിലിലെ കൃത്യതയും ചിട്ടയും സത്യസന്ധതയുമായിരുന്നു സന്തോഷിന്റെ സവിശേഷത. മർദ്ദനമുറകൾ ശീലമില്ലാത്ത സന്തോഷ് കണിശമായ വാക്കുകളിലൂടെയാണ് ആനകളെ കൊണ്ടുനടന്നിരുന്നത്. വിഷ്ണു തനിക്കു മകനെ പോലെയാണെന്നാണു ചേർത്തലയിൽ മരണത്തിനു തൊട്ടു മുൻപു സന്തോഷ് ആനയെ വിശേഷിപ്പിച്ചതെന്നു തൃശൂരിലെ ആനപ്രേമിയായ വിദ്യാർഥി അനുസ്മരിക്കുന്നു. ഗജപരിപാലന രംഗത്തെ മികച്ച സേവനം പരിഗണിച്ചു കഴിഞ്ഞ ജനുവരിയിൽ തൃശൂരിലെ ‘കൂട്ടുകൊമ്പൻമാർ വെൽഫെയർഫോറം’ സന്തോഷിനെ മികച്ച ആനപ്പാപ്പാനുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു.