ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇന്ത്യയിലെത്തിയത് തന്റെ കൂറ്റന്‍ ഭാരം കുറയ്ക്കാമെന്ന ആഗ്രഹത്താലായിരുന്നു. പക്ഷെ വിവാദങ്ങളാണ് ഇവരെ പിന്തുടര്‍ന്നത്. ഭാരം കുറയ്ക്കുമെന്ന മുംബൈയിലെ ആശുപത്രിയുടെ അവകാശ വാദം തെറ്റാണെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. എന്നാല്‍ ആരോപണം ആശുപത്രി നിഷേധിച്ചു,
84 ദിവസം മുംബൈയിലെ ആശുപത്രിയില്‍കഴിഞ്ഞ ഇമാന്‍ 500 കിലോ ഭാരവുമായാണ് ഇന്ത്യയിലെത്തിയത്. 170 കിലോ ഭാരം കുറച്ചുവെന്ന വാദത്തില്‍ സെയ്ഫി ആശുപത്രി അധികൃതര്‍ ഉറച്ചുനില്‍ക്കുമ്പോള്‍, അധികൃരുടെ വാദം കളവാണെന്നാണ് ഇമാന്റെ ബന്ധുക്കള്‍ പറയുന്നത്.
ഇമാന്റെ സഹോദരി ഷൈമയും ആശുപത്രി അധികൃതരുമായി പത്തുദിവസത്തിലേറെയായി വലിയ വാഗ്വാദമാണ് നടന്നുകൊണ്ടിരുന്നത്. ഒടുവില്‍ വ്യാഴാഴ്ച രാവിലെ സംസ്ഥാന ആരോഗമന്ത്രി ഡോ. ദീപക് സാവന്ത് ആശുപത്രിയിലെത്തി പ്രശ്‌നത്തിലിടപെട്ടു. ഇമാനെ ചികിത്സിച്ച ഡോ. മുഫാസല്‍ ലക്ഡാവാലയ്‌ക്കെതിരെ ഷൈമ ഉന്നയിച്ച ആരോപണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുതുടങ്ങിതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തിലിടപെട്ടത്.
അബുദാബിയിലേക്കാണ് ഇമാനെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. വൈകിട്ട് ഏഴരയോടെ, എയര്‍ ആംബുലന്‍സാക്കി മാറ്റിയ കാര്‍ഗോ വിമാനത്തിലാണ് അവര്‍ പോയത്. ഇമാനെ അയക്കുന്നതിന്റെ ഭാഗമായുള്ള ചില രേഖകളില്‍ ഷൈമ ഒപ്പുവെക്കേണ്ടതായി ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ അവരെ സമീപിച്ചെങ്കിലും അവര്‍ വിസമ്മതിച്ചതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി.
തര്‍ക്കം പരിഹരിക്കപ്പെടാതെ നീങ്ങിയതോടെ, ഇമാനെ അബുദാബിയിലേക്ക് കൊണ്ടുപോകുന്ന വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ഭുര്‍ജീല്‍ ആശുപത്രി സംഘം, രേഖകളില്‍ ഒപ്പിടാതെ തന്നെ ഇമാനെ കൊണ്ടുപോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ആശുപത്രി അധികൃതരുടെ തീരുമാനത്തിന് വിരുദ്ധമായി, നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി ഇമാനെ കൊണ്ടുപോകാമെന്ന് ഭുര്‍ജീല്‍ സിഇഒ സാജിര്‍ ഗാഫര്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിയെത്തിയതും പ്രശ്‌നം പരിഹരിച്ചതും.
ഇമാന്റെ ചികിത്സയ്ക്കായി സൈഫി ആശുപത്രി രണ്ടുകോടിയോളം രൂപയാണ് ചെലവിട്ടത്. ഇമാനെ ഈജിപ്തിലെ അലക്‌സാന്‍ഡ്രയില്‍നിന്ന് ഇന്ത്യയിലെത്തിച്ച 83 ലക്ഷം രൂപയുള്‍പ്പെടെയാണിത്. ഭുര്‍ജീല്‍ ആശുപത്രി ഒരുവര്‍ഷത്തെ സൗജന്യ ചികിത്സയാണ് ഇമാന് വാഗ്ദാനം ചെയ്തിട്ടുള്ളത്.