ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ, 1400 കോടിയുടെ എമ്പ്രയര്‍ ജെറ്റ് വിമാന ഇടപാടില്‍ വന്‍ ക്രമക്കേട്. ഇതേപ്പറ്റി അമേരിക്കയും ബ്രസീലും അന്വേഷണം തുടങ്ങി. മുന്‍പു പുറത്തുവന്ന, വമ്പന്‍ പ്രതിരോധ അഴിമതികള്‍ക്കു പുറമേയാണിത്.
ഭാരതവുമായി വിമാനക്കരാറുണ്ടാക്കാന്‍ ബ്രസീലിലെ എമ്പ്രയര്‍ കമ്പനി കോഴ നല്‍കിയെന്നാണ് ആരോപണം. സൗദി അറബ്യയുമായി കരാറുണ്ടാക്കിയതിലും അഴിമതിയുണ്ട്.
വിമാനക്കമ്പനി ബ്രിട്ടനിലെ ഏജന്റിനാണ് കോഴ നല്‍കിത്. ഇത് അയാളില്‍ നിന്ന് ഭാരതത്തിലെ ആര്‍ക്കെങ്കിലും ലഭിച്ചോയെന്ന് വ്യക്തമല്ല. 2008ലാണ് മൂന്ന് വിമാനങ്ങള്‍ വാങ്ങാന്‍ 13,91,70,20,000 രൂപയുടെ കരാര്‍ ഒപ്പിട്ടത്. ഇവയില്‍ ഭാരതം സ്വന്തമായി വികസിപ്പിച്ച റഡാറുകള്‍ സ്ഥാപിച്ച് വ്യോമസേനയ്ക്ക് നല്‍കാനായിരുന്നു പദ്ധതി. ആദ്യ വിമാനം 2011ല്‍ ലഭിച്ചു. ക്രമേണ മറ്റുള്ളവയും. എന്നാല്‍, പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആര്‍ഡിഒ) ഇവയില്‍ ഇന്നും റഡാര്‍ പിടിപ്പിച്ച് പൂര്‍ത്തിയാക്കിയിട്ടില്ല. ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഇടപാടിലെ കോഴ അമേരിക്കന്‍ നീതി മന്ത്രാലയം അന്വേഷിക്കുന്നുണ്ടെന്ന് ബ്രസീലിലെ ഫോള്‍ഹ ഡി സവോ പോളോ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭാരതം, സൗദി അറേബ്യ എന്നിവയടക്കം എട്ടു രാജ്യങ്ങളുമായി എംബ്രയര്‍ ഉണ്ടാക്കിയ കരാര്‍ അമേരിക്ക അന്വേഷിക്കുന്നുണ്ട്. ഭാരതത്തിലെ, നിയമങ്ങള്‍ക്ക് വിരുദ്ധമായി, വില്‍പ്പനയെ സഹായിക്കാന്‍ ഒരു ഏജന്റിനെ വച്ചിരുന്നുവെന്ന് എംബ്രയര്‍ സമ്മതിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ വാണിജ്യ, യുദ്ധ, സ്വകാര്യ വിമാന നിര്‍മ്മാതാക്കളില്‍ ഒന്നാണ് എംബ്രയര്‍. അഴിമതിയുടെ വിദശാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. കോഴ എത്രയായിരുന്നു, ആരൊക്കെ വാങ്ങി. ബ്രിട്ടനിലെ ഏജന്റ് ആരായിരുന്നു തുടങ്ങിയവയൊന്നും പുറത്തായിട്ടില്ല.പതിനഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഭാരതം എംമ്പ്രയര്‍ ജെറ്റ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2002ലാണ് എമ്പ്രയര്‍ ജെറ്റ് വിമാനത്തിന്റെ ഉത്പാദനം തുടങ്ങിയത്. ലോകമെമ്പാടും ഇന്ന് ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. ഇരട്ട എന്‍ജിനുള്ള വിമാനമാണ്. പ്രധാനമായും രണ്ട് തരമാണ് വിമാനങ്ങള്‍, ഇ 190, ഇ 195. ഈ വിമാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി റഡാര്‍ ഘടിപ്പിച്ച് വ്യോമസേനയുടെ നിരീക്ഷ വിമാനമാക്കാനായിരുന്നു പരിപാടി.