ന്യൂഡല്‍ഹി: യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ അവിടെ വിട്ടുപോരണമെന്ന മുന്നറിയിപ്പുമായി യുക്രൈനിലെ ഇന്ത്യന്‍ എംബസി. യുക്രൈനില്‍ തുടരേണ്ടത് അത്യാവശ്യമല്ലാത്ത, പ്രത്യേകിച്ച് വിദ്യാര്‍ഥികളായ ഇന്ത്യക്കാര്‍ തല്‍ക്കാലത്തേക്കു മടങ്ങണമെന്നാണ് മുന്നറിയിപ്പ്.
യുക്രൈനിലേക്കും യുക്രൈനുള്ളിലുമുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ആവശ്യം വരുന്ന പക്ഷം ബന്ധപ്പെടാന്‍ യുക്രൈനിലെ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എംബസിയെ ധരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കാന്‍ വേണ്ടി എംബസിയുടെ പ്രവര്‍ത്തനം സാധാരണപോലെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കീവില്‍ നിന്നും പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലിവീവിലേക്ക് എംബസി മാറ്റുന്നതായി യു.എസ്. കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എംബസിയിലെ ജീവനക്കാരില്‍ ഭൂരിപക്ഷത്തെയും യു.എസ്. കഴിഞ്ഞദിവസങ്ങളില്‍ തന്നെ മാറ്റിയിരുന്നു.