കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി പറഞ്ഞ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. 11 വര്‍ഷമായി ഇവിടെ താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.
ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവര്‍ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങള്‍ പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തത്. തന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തു. തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.
ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും സതിയമ്മ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് ഈ മൃഗാശുപത്രിയെന്നും 8,000 രൂപയാണു മാസവേതനമെന്നും സതിയമ്മ കൂട്ടിച്ചേര്‍ത്തു.