കൊച്ചി : രക്ഷകന്റെ വരവ് കാത്ത് സ്വത്തുക്കളെല്ലാം വിറ്റ് എംപറര്‍ ഇമ്മാനുവല്‍ സഭയില്‍ ചേര്‍ന്നവര്‍ക്ക് ഇരുട്ടടി . സ്വര്‍ഗത്തില്‍ എത്തിക്കാന്‍ മൂരിയാട് പേടകത്തില്‍ കാത്തിരിക്കുന്നവരെ അനാഥരാക്കിക്കൊണ്ട് കട്ടപ്പനയിലെ സഭാ സ്ഥാപകന്‍ മരണമടഞ്ഞു! ക്രൈസ്തവ വിശ്വാസത്തിന്റെ മറവില്‍ സ്വര്‍ഗീയ വഴികാണിക്കാന്‍ രംഗത്തെത്തിയ സഭാ നേതൃത്വമാണ് തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് സമീപം മൂരിയാടുള്ള എംപറര്‍ ഇമ്മാനുവല്‍ സഭ.
സ്വര്‍ഗത്തിലേക്കുള്ള വഴി ഞങ്ങളിലൂടെ ആണെന്നും ഈ സഭയില്‍ ചേനന്‍ പേടകത്തില്‍ ഉള്ളവര്‍ മാത്രമേ സ്വര്‍ഗത്തില്‍ എത്തൂ എന്നുള്ളതായിരുന്നു പ്രചരണം. ഈ വാദം ഉന്നയിച്ചു വിശ്വാസികളെ കൂടെ കൂട്ടിയ ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ ഡ്രോയിങ് മാഷാണ് എംപറര്‍ ഇമ്മാനുവല്‍ എന്ന പ്രസ്ഥാനം തുടങ്ങിയത്. ലോകത്ത് സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ രണ്ട് വഴികളേ ഉള്ളൂവെന്നും ആ രണ്ട് വഴികളില്‍ ഒന്ന് ജെറുസലേമില്‍ ആണെങ്കില്‍ മറ്റേത് മൂരിയാടുള്ള എംപറര്‍ ഇമ്മാനുവല്‍ ആണെന്ന് പറഞ്ഞാണ് ജോസഫ് പൊന്നാറ തന്റെ ആത്മീയ വ്യാപാരം നടത്തിവന്നത്. ഇങ്ങനെ സ്വര്‍ഗത്തില്‍ എത്താന്‍ ആഗ്രഹമുള്ളവര്‍ക്കായി ‘പേടകം’ തയ്യാറാക്കി ഇരിക്കുന്നവരെ നിരാശരാക്കി സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയായ പൊന്നാറ യാത്രയായി.
എംപറര്‍ ഇമ്മാനുവല്‍ സഭയുടെ എല്ലാമെല്ലാമായ പ്രവാചകനായി സ്വയം വാഴ്‌ത്തപ്പെട്ട ജോസഫ് പൊന്നാറ കഴിഞ്ഞമാസം 24ാം തീയ്യതിയാണ് അന്തരിച്ചത്. അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജോസഫ് പൊന്നാറ അന്തരിച്ചതോടെ സ്വര്‍ഗത്തിലേക്കുള്ള വഴിതേടി ഇരിങ്ങാലക്കുടയിലെ ‘സ്വര്‍ഗീയ സിയോണില്‍’ എത്തിയവരെല്ലാം അനാഥമായി. വീണ്ടും യേശു ജനിക്കുമെന്ന് അന്ന് എംപറര്‍ ഇമ്മാനുവിന്റെ മൂരിയാടുള്ള പേടകത്തിലുള്ളവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് പറഞ്ഞാണ് ഇദ്ദേഹവും കൂട്ടരും വിശ്വാസികളെ അടുപ്പിച്ചത്. സഭയുടെ നാഥന്‍ മരിച്ചു പോയതോടെ ഇനി എങ്ങനെ തങ്ങള്‍ സ്വര്‍ഗത്തിലെത്തുമെന്ന ആശങ്കയിലാണ് ഇവിടുത്തെ അന്തേവാസികള്‍.
കത്തോലിക്കാ സഭയുടെ എതിര്‍പ്പ് വരെ മറികടന്ന് കോട്ടയം, ഇടുക്കി മേഖലയില്‍ നിന്നും അനേകം പേര്‍ സര്‍വ സ്വത്തുക്കളും വിറ്റുപെറുക്കി മൂരിയുറുള്ള ട്രസ്റ്റിന്റെ കീഴില്‍ എത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് തുടങ്ങിയ പ്രസ്ഥാനമാണ് ഇതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അത്ഭുതകരമായ വളര്‍ച്ച ജോസഫ് പൊന്നാറയും കൂട്ടരും നേടിയത്
സ്വര്‍ഗ്ഗത്തില്‍ ആകെയുള്ള 1,44,000 ഒഴിവുകളുണ്ടെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ തങ്ങളിലേക്ക് ആള്‍ക്കാരെ കൂട്ടിയത്. ഇങ്ങനെ ആളുകളുടെ പണവും സ്വത്തുക്കളും സ്വന്തമാക്കി കോടികളുടെ ബിസിനസുകാരനായി മാറുകയായിരുന്നു ജോസഫ് പൊന്നാറ. കത്തോലിക്കാ വിശ്വാസികളില്‍ നിന്നുമുള്ളവരെയാണ് ഇവര്‍ സ്വര്‍ഗീയ സുഖം വാഗ്ദാനം ചെയ്ത് കോടികള്‍ കൊയ്യുകയായിരുന്നു.
ലോകാവസാനമാകുമ്പോള്‍ എല്ലാവരും ദൈവത്തെ പോലെയാകുമെന്ന് പറഞ്ഞാണ് ഇവര്‍ ഇവിടെ കച്ചവടം കൊഴുപ്പിച്ചത്. അയ്യായിരത്തോള കുടുംബങ്ങളാണ് ഇരിങ്ങാലക്കുടയിലെ എംപറര്‍ ഇമ്മാനുവല്‍ സഭയിലുള്ളത്. 2007ലാണ് ഈ മന്ദിരങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. ലോകാവസാനമാകുമ്പോള്‍ രക്ഷപ്പെടാന്‍ നോഹയുടെ പേടകം എന്ന വിധത്തിലായിരുന്നു ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണം. കെട്ടിടത്തിന്റെ ഡിസൈന്‍ പോലും കര്‍ത്താവ് നേരിട്ട് തയ്യാറാക്കിയെന്നാണ് ഇവരുടെ അവകാശവാദം.
സ്ഥിരമായി ആരാധിക്കണമെന്നു തോന്നുന്നവരാണ് സഭാ ആസ്ഥാനത്തിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നത്. പണം നമ്മള്‍ കൊടുത്താല്‍ വീടും സ്ഥലവുമൊക്കെ അവര്‍ ഏര്‍പ്പാടാക്കിത്തരും. ലോകാവസാനം സംഭവിക്കാന്‍ ഇനി അധികനാളുകള്‍ ശേഷിക്കുന്നില്ലെന്നാണ് ഈ സിയോണ്‍സഭ വിശ്വാസികളെ ധരിപ്പിക്കുന്നത്. എന്നാല്‍, ലോകാവസാനമുണ്ടാകുമ്പോല്‍ സ്വര്‍ഗത്തില്‍ എത്തണമെങ്കില്‍ അതിനുള്ള ഒരേയൊരു മാര്‍ഗ്ഗം സഭയില്‍ ചേരുക എന്നതുമാണ്.
ദൈവപുത്രന്‍ ജനിച്ചുകഴിഞ്ഞു. എന്നാല്‍ അത് എവിടെയാണെന്ന് ഇവര്‍ വെളിപ്പെടുത്തില്ലെന്നും പറഞ്ഞാണ് ഇവര്‍ വിശ്വാസികളെ കൈയിലെടുത്തത്. ദൈവരാജ്യം സമാഗതമാകുമ്പോള്‍ ദൈവമായി ഉയര്‍ത്തപ്പെടുന്നവരാണ് സിയോണ്‍ വിശ്വാസികള്‍. സിയോണ്‍സയഭയില്‍ നിന്ന് പടിയിറങ്ങിയവരെ ഉപദ്രവിക്കുന്നതായും മറ്റും നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. സ്വന്തം നാടുപേക്ഷിച്ചുവന്ന 700ഓളം കുടുംബങ്ങള്‍ മൂരിയാടും പരിസരത്തുമായി കഴിയുന്നുണ്ട്.
എല്ലാ ദൈവവചനങ്ങളിലും ദൈവികപ്രവര്‍ത്തനങ്ങളിലും ദൈവം അയയ്ക്കുന്നവരിലും വിശ്വസിക്കുന്ന സ്വതന്ത്രസഭയെന്നാണ് ഇമ്മാനുവേല്‍ സഭയുടെ വെബ്സൈറ്റില്‍ സ്വയം വിശേഷിപ്പിക്കുന്നത്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ച് ഇമ്മാനുവേല്‍ എന്ന പേരില്‍ വീണ്ടും ഭൂമിയില്‍ വന്നെന്ന് ഇവര്‍ വിശ്വസിക്കുന്നു. ദൈവപിതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ വിശ്വാസികളും ദൈവത്തെ പോലെയാകുമത്രെ. ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടുകയും കാലത്തിന്റെ അടയാളങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. പ്രകൃതിദുരന്തങ്ങളാണ് കാലത്തിന്റെ അടയാളങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിനുള്ളില്‍ 150തോളം പ്രാദേശികസഭകള്‍ എംപറര്‍ ഇമ്മാനുവേല്‍ സഭയ്ക്കുണ്ട്. ഇതിനുപുറമെ ചില അയല്‍സംസ്ഥാനങ്ങളിലും ഏതാനും വിദേശരാജ്യങ്ങളിലും സഭയുടെ പ്രാദേശിക ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. പുറംലോകവുമായി ഏറെ അടുപ്പമൊന്നും സിയോണ്‍ വിശ്വാസികള്‍ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. മറ്റാരെയും സ്നേഹിക്കരുതെന്നാണ് ദൈവം പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ ദൈവത്തോടു സ്നേഹം കുറയുമെന്നും മറ്റും പറഞ്ഞാണ് ഇവരുടെ ആശയ പ്രചരണം. ഇത്തരം പ്രചരണങ്ങളുടെ പേരില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്ക് എതിരെ പരാതിയും ഉയര്‍ന്നിരുന്നു.
ഇടുക്കിയില്‍ നിന്നാണ് ഏറ്റവും അധികം ആളുകള്‍ ജോസഫ് പൊന്നറയുടെ സ്വര്‍ഗീയ സിദ്ധാന്തത്തില്‍ വിശ്വസിച്ച് വീടും സ്ഥലവുമെല്ലാം ഈ സിയോണ്‍ സഭയ്ക്ക് നല്‍കി തിരിച്ചെത്തിയത്. ഇതോടെ കത്തോലിക്കാ സഭയുമായി ബന്ധം ഉപേക്ഷിച്ചവരും നിരവധിയായിരുന്നു. ഇരിങ്ങാലക്കുടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ ഇടയലേഖനം വരെ ഇവര്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിലെ ധ്യാന കേന്ദ്രത്തിന് രൂപതയുമായി യാതൊരു ബന്ധവും അംഗീകാരവും ഇല്ലെന്നാണ് മെത്രാന്‍ ഇടയലേഖനത്തില്‍ വ്യക്തമാക്കിയത്. ഇവരുടെ പ്രാര്‍ത്ഥനാ ചടങ്ങകളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
കത്തോലിക്കാ വിശ്വാസത്തെയും ആചാര, അനുഷ്ഠാനങ്ങളെയും വൈദികരെയും സന്യസ്തരെയും ജീവിത ശൈലിയെയും നഖശിഖാന്തം എതിര്‍ത്ത് തങ്ങളുടെ കൂടാരത്തിലേക്ക് പലരെയും ആകര്‍ഷിക്കുകയായിരുന്നു കൂടാര നടത്തിപ്പുകാര്‍. ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്ത്, ലോകാവസാനം അടുത്തിരിക്കുന്നുവെന്നും ഇമ്മാനുവേല്‍ എന്ന രക്ഷന്‍ പിറന്നിരിക്കുന്നുവെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം കൂടാരത്തിന് അടിയറവ് വയ്ക്കണമെന്നും അങ്ങനെ പുതിയ ജീവിതരീതി സ്വീകരിക്കണമെന്നും പ്രചരിപ്പിച്ചാണ് ഇവര്‍ ആളുകളെ കൂടെക്കൂട്ടിയത്. ഇതുവഴി നിരവധി കുടുംബങ്ങളില്‍ അന്തഃഛിദ്രവും കുടുംബത്തകര്‍ച്ചയും വഴക്കും കേസുകളും ഉണ്ടായി. വിവാഹമോചനങ്ങള്‍ വര്‍ധിച്ചു. കൂടാരത്തിനു പുറത്തുള്ള ക്രൈസ്തവരും മറ്റു മതസ്ഥരും സാത്താന്റെ സന്തതികളാണെന്നും അവരൊക്കെ നശിക്കുവാന്‍ വിധിക്കപ്പെട്ടവരാണെന്നും കൂടാരത്തിലെ ‘ധ്യാന’ങ്ങളിലും അവര്‍ നടത്തുന്ന ‘കൂട്ടായ്മ’കളിലും വ്യാപകമായ പ്രചാരണം നടത്തിയാണ് പലരെയും കെണിയില്‍പ്പെടുത്തിയത്. നിരവധി വിവാഹ മോചനങ്ങളും ഇതോടെയുണ്ടായി.