മതങ്ങളും അന്ധവിശ്വാസികളും മാത്രമല്ല ലോകാവസാനത്തെ കുറിച്ച് സംസാരിക്കുന്നത്. ശാസ്ത്ര ലോകവും അത്തരത്തിലൊരു വെല്ലുവിളിയെ ലോകം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്ത് ജീവിച്ചിരുന്ന 90 ശതമാനം ജീവികളെയും ഇല്ലാതാക്കിയ മഹാമാരിപോലൊന്ന് ഇനിയുമുണ്ടാകാമെന്ന് ശാസ്ത്രലോകംപറയുന്നു. ആഗോള താപനം അത്തരത്തിലൊരു കൂട്ടക്കുരുതിക്ക് വഴിവെക്കുമെന്നാണ് അവരുടെ ആശങ്ക.
250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രലോകത്തിനിന്നും തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ഇനി ലോകാവസാനമുണ്ടാകുന്നത് ഉല്‍ക്ക പതിച്ചിട്ടോ അഗ്‌നിപര്‍വത സ്ഫോടനത്തിലോ ആകുമെന്ന് കരുതിയിരുന്ന ശാസ്ത്രലോകം അതിന് കാരണം ആഗോളതാപനമാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. അന്തരീക്ഷത്തിലേക്ക് വന്‍തോതില്‍ ബഹിര്‍ഗമിക്കുന്ന മീഥൈന്‍ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പാലിയോവേള്‍ഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ആഗോള താപനം ലോകാവസാനത്തിന് വഴിവെച്ചേക്കുമെന്ന ആശങ്ക ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നത്. ഭൂമിയിലെ ജീവിത സാഹചര്യങ്ങളെയാകെ അട്ടിമറിക്കുന്ന തരത്തിലേക്ക് ആഗോളതാപനം മാറുമെന്ന് ഇതില്‍ പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് കലരുന്നതുമൂലമുള്ള ആഗോള താപനം മാരകമാണെങ്കില്‍, മീഥൈന്‍ ബഹിര്‍ഗമനത്തിലൂടെ ഉണ്ടാകുന്നത് അവസാനമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പീറ്റര്‍ വാധാംസ് പറയുന്നു.
കേബ്രിഡ്ജ് സര്‍വകലാശാലയിലെ പോളാര്‍ ഓഷ്യന്‍ ഫിസിക്സ് ഗ്രൂപ്പാണ് ആഗോളതാപനം ലോകാവസാനത്തിന് കാരണമാകുമെന്ന പഠനം നടത്തിയത്. ആര്‍ട്ടിക്കിലെ മഞ്ഞുരുകുന്ന സാഹചര്യത്തിലേക്ക് ആഗോള താപനം വളരുന്നതോടെ, വീണ്ടു ലോകം പ്രളയത്തിന് അടിപ്പെടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ആര്‍ട്ടിക് ഭൂഖണ്ഡത്തിന് താഴെയുള്ള മീഥൈന്‍ ശേഖരം അന്തരീക്ഷത്തിലേക്ക് അതിവേഗം ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അന്തരീക്ഷ താപനില ഉയര്‍ത്തുകയും ആര്‍ട്ടിക്കിലെ ഹിമപാളികളെ ഉരുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.