തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.
പൂര്‍ണ്ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്.