യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു.എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ കീഴടക്കിയത്.എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്. കെയ്നിന്റെ പെനൽറ്റി കിക്ക് ഡാനിഷ് ഗോൾകീപ്പർ കാസ്പർ സ്മൈക്കൽ തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ഓടിയെത്തിയ കെയ്ൻ തന്നെ പന്ത് വലയ്ക്കുള്ളിലാക്കി. നിശ്ചിത സമയത്ത് കളി 1–1 സമനിലയായിരുന്നു. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.
30–ാം മിനിറ്റിൽ മിക്കൽ ഡാംസ്ഗാർഡിന്റെ ഫ്രീകിക്ക് ഗോളിൽ ഡെൻമാർക്കാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 39–ാം മിനിറ്റിൽ ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്റെ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്നത്.
ഫൈനലിലേക്ക് എളുപ്പവഴി കിട്ടിയ ടീമാണ് തങ്ങളെന്ന ഇംഗ്ലണ്ടിന്റെ ധാരണ തിരുത്തിയതിനു ശേഷമാണ് ഡെൻമാർക്കിന്റെ കീഴടങ്ങൽ. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ പ്രസ്സിങ് അതിജീവിച്ചതിനു ശേഷം ഡെൻമാർക്ക് ആത്മവിശ്വാസത്തോടെ കളിച്ചു. വെംബ്ലി സ്റ്റേഡിയത്തിൽ വളരെ ചുരുക്കമായിരുന്ന ഡെൻമാർക്ക് ആരാധകർ ഓരോ നീക്കത്തിനും പിന്തുണ നൽകി. 16–ാം മിനിറ്റിൽ ഡെൻമാർക്കിന് കളിയിലെ ആദ്യ അവസരം. കാസ്പർ ഡോൾബർഗിന്റെ ഷോട്ട് പക്ഷേ തട്ടിത്തിരിഞ്ഞു പുറത്തേക്ക്. പിന്നാലെ കിട്ടിയ കോർണർ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് പഞ്ച് ചെയ്തകറ്റി.
ഇരുടീമും മധ്യനിരയിൽ തട്ടിക്കളിച്ച 10 മിനിറ്റിനു ശേഷം 29–ാം മിനിറ്റിൽ ഡെൻമാർക്കിനു തുടരെ 2 ഫ്രീകിക്കുകൾ. രണ്ടാം ശ്രമത്തിൽ മിക്കൽ ഡാംസ്ഗാർഡിന്റെ മഴവിൽ കിക്ക് ഇംഗ്ലിഷ് പ്രതിരോധമതിലിനു മുകളിലൂടെ പിക്ഫോർഡിന്റെ കയ്യിലുരസി വലയിലേക്കു ചാഞ്ഞിറങ്ങി. ഈ യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോൾ!